മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട് ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. "കബീറിന്റെ ദിവസങ്ങൾ" എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അദ്ദേഹം തിരിച്ചെത്തുന്നത്. ചിത്രത്തിൽ പക്ഷാഘാതം വന്ന ഒരു കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. ശരത് ചന്ദ്രൻ നായരും ശൈലജയും ചേർന്ന് ചന്ത് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് കബീറിന്റെ ദിവസങ്ങൾ. ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് പറയുകയാണ് മകൾ പാർവതി ഷോൺ
"വളരെ സന്തോഷമുള്ള ഒരു നിമിഷത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. അപകടത്തിന് ശേഷം പപ്പ തിരിച്ചുവരുന്ന ചിത്രമാണിത്. കാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ഓരോ ദിവസം കഴിയും തോറും പപ്പയ്‌ക്ക് നല്ല മാറ്റമാണ്. ഇവിടെയുള്ളവർ ആ മാറ്റം കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ എല്ലാവരും അതിന് ദൃക്‌സാക്ഷികളുമാണ്.
അതൊരു വല്യ മാറ്റം തന്നെയാണ്. ചികിത്സയുടെ ഭാഗമായിട്ടാണ് വീണ്ടും അഭിനയിക്കുന്നത്. ഇനിയും നല്ല അവസരങ്ങൾ കിട്ടിയാൽ പപ്പ അഭിനയിക്കും. അഭിനയത്തിൽ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച് സാധിക്കില്ല. അത് ഞങ്ങൾക്കറിയാം. എട്ട് വർഷത്തിനുള്ളിൽ എന്ത് കൊണ്ട് നേരത്തെ പപ്പയെ അഭിനയിപ്പിച്ച് കൂടായിരുന്നോ എന്ന ചോദ്യവും ഞങ്ങൾക്കുമുന്നിലുണ്ടായിരുന്നു " എന്നും കൗമുദി ടി.വി ഫിലിം ബോക്‌സിൽ പാർവതി പറഞ്ഞു.
2012 മാർച്ച് 10 നാണ് ജഗതി ശ്രീകുമാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയിൽ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും. ആ കാത്തിരിപ്പിനാണ് "കബീറിന്റെ ദിവസങ്ങ"ളിലൂടെ വിരാമമായത്.