imam

കോഴിക്കോട്: ദിവസങ്ങൾക്ക് മുമ്പാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തൊളിക്കോട് മുസ്‌ലീം ജമാ അത്ത് മുൻ ചീഫ് ഇമാം ഷെഫീഖ് അൽ ഖാസിമി അറസ്റ്റിലായത്. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ മധുരയിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഇതിന് പിന്നാലെ സമാനമായ കേസ് കോഴിക്കോടും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി ഇമാമാണ് അറസ്റ്റിലായത്. കോഴിക്കോട് ഗാന്ധിറോഡ് പരിസരത്തെ പള്ളിയിലെ ഇമാമും മദ്രസ അദ്ധ്യാപകനുമായ നിലമ്പൂർ രാമംകുത്ത് ചോനാരി അബ്ദുൾ ബഷീർ (47) ആണ് മടവൂരിലെ മഖാം പരിസരത്തെ ലോഡ്ജിൽ നിന്നു അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.


പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇയാൾ നേർച്ചയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. ഇയാളോടൊപ്പം മുഖം മറച്ചെത്തിയ പെൺകുട്ടിയുടെ പേരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലിസെത്തി ചോദ്യം ചെയ്തപ്പോൾ പീഡനശ്രമം ഉണ്ടായതായി പെൺകുട്ടി തുറന്നു പറഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി. പിന്നാലെയായിരുന്നു അറസ്റ്റ്. ഇതിനു മുമ്പും അബ്ദുൽ ബഷീർ പെൺകുട്ടിയെ ഇവിടെയെത്തിച്ച് പീഡിപ്പിച്ചിട്ടുണ്ട്. ആളുകൾ സംശയിക്കാതിരിക്കാനാണ് തീർത്ഥാടന കേന്ദ്രത്തിന് സമീപത്തെ ലോഡ്ജ് തിരഞ്ഞെടുത്തത്. 47 കാരനായ പ്രതിക്ക് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.