തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാവുമെന്ന പ്രത്യാശയാണുള്ളതെന്ന് കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള കോൺഗ്രസിന്റെ അക്ടിംഗ് പ്രസിഡന്റ് ജോസ്.കെ മാണിയുമായും പി.ജെ ജോസഫുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും അവരുമായി നിരന്തരം സമ്പർക്കത്തിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിലെ ഒരു ആഭ്യന്തരപ്രശ്നമാണിത്. അത് ഒരിക്കലും പിളർപ്പിലേക്ക് പോകില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ആവശ്യമാണെന്ന് തോന്നിയാൽ ഞങ്ങൾ നേരിട്ട് ഇടപെടും.കേരള കോൺഗ്രസ് യു.ഡി.എഫിലെ ഏറ്റവും പ്രിയപ്പെട്ട ഘടകകക്ഷിയാണ്. ആ കക്ഷിയുമായി മുന്നോട്ടുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്- മുല്ലപ്പള്ളി പറഞ്ഞു.