കാലിഫോർണിയ : സഹപ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് ജോലിയിൽ നിന്നും പുറത്താക്കിയ ഉദ്യോഗസ്ഥർക്ക് കൈ നിറയെ പണം പാരിതോഷികമായി നൽകിയിരിക്കുകയാണ് സെർച്ച് എൻജിൽ ലോകത്തെ അതികായനായ ഗൂഗിൾ. ഇത്തരത്തിൽ ചെലവാക്കിയ കോടികളുടെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ഇന്ത്യൻ വംശജനായ അമിത് സിംഗാളും ഉൾപ്പെടുന്നുണ്ട്. സിംഗലിനെ പുറത്താക്കാൻ ഏകദേശം 315 കോടി രൂപയാണ് ഗൂഗിൾ ചെലവാക്കിയത്. ഗൂഗിളിലെ സെർച്ച് ഓപ്പറേഷനുകൾ കൈകാര്യം ചെയ്തിരുന്ന സീനിയർ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. പതിനഞ്ച് വർഷത്തോളം ഗൂഗിളിൽ ജോലി ചെയ്ത സിംഗാൾ ഉത്തർപ്രദേശിലെ ഐ.ഐ.ടിയിലാണ് ഉപരിപഠനം നടത്തിയത്.
ലൈംഗിക ആരോപണം പോലെയുള്ള ഗുരുതരമായ കുറ്റം ചുമത്തി ഒരാളെ പുറത്താക്കുമ്പോൾ കരാർ പ്രകാരമുള്ള സംഖ്യ നൽകേണ്ട ബാദ്ധ്യത സാധാരണരീതിയിൽ ഒരു കമ്പനി പാലിക്കേണ്ട ആവശ്യമില്ല. പക്ഷേ ഗൂഗിൾ ഇത് ചെയ്തതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. സിംഗാളിന് ആദ്യത്തെ രണ്ടുവർഷം 15 ദശലക്ഷം ഡോളറും ഗൂഗിന് എതിരാളികളായ മറ്റ് ടെക് കമ്പനികളിൽ ജോലി ചെയ്യാതിരിക്കാൻ 15 ദശലക്ഷം ഡോളറും നൽകി. പുറത്താക്കലിന് വിധേയനായ വ്യക്തി എതിരാളിയുടെ കമ്പനിയിൽ ജോലിക്ക് ചേർന്ന് വികസിപ്പിച്ച് കൊണ്ടിരിക്കുന്ന പദ്ധതികളുടെയടക്കം രഹസ്യങ്ങൾ പങ്ക് വയ്ക്കുമോ എന്ന ഭയവും, മറ്റ് നിയമനടപടികൾ സ്വീകരിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കുമാണ് ഗുഗിൾ കോടികൾ നൽകി സന്തോഷത്തോടെ ആരോപണ വിധേയരെ യാത്രയയ്ക്കുന്നത്.