gautam-gambhir-bjp

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന് സൂചന. നിലവിൽ ബി.ജെ.പിയുടെ മീനാക്ഷി ലേഖി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലായിരിക്കും ഗംഭീർ മത്സരിക്കുക. ഇതിന് പകരം മീനാക്ഷി ലേഖിക്ക് മറ്റൊരു സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. എന്നാൽ പദ്മശ്രീ അവാർജ് ജേതാവായ ഗൗതം ഗംഭീർ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2014 തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അരുൺ ജെയ്‌‌റ്റ്ലിക്ക് വേണ്ടി പഞ്ചാബിലെ അമൃത്‌സറിൽ ഗൗതം ഗംഭീർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഗൗതം ഗംഭീർ അടക്കമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ബി.ജെ.പിയിൽ ചേർന്ന് തിര‌ഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗംഭീർ ഇപ്പോൾ കമന്റേറ്ററായി പ്രവർത്തിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ താരം നടത്തുന്ന പ്രതികരണങ്ങളും പ്രസ്‌താവനകളും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂങ്ങൾ ശക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത ഗംഭീർ ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും വാർത്തയിൽ ഇടം നേടാറുണ്ട്.

2014ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും നേടി ബി.ജെ.പി സമ്പൂർണ ആധിപത്യം നേടിയെങ്കിലും ഇപ്പോൾ കാര്യങ്ങളെല്ലാം മാറി. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഇത്തവണ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇരുപാർട്ടികളും യോജിച്ച് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ശക്തമായ ത്രികോണ പോരാട്ടമായിരിക്കും ഡൽഹിയിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഗൗതം ഗംഭീറിനെ ഇറക്കുന്നത് രാഷ്ട്രീയമായി ഗുണകരമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.