2006 ആഗസ്റ്റ് 25നാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ 'ക്ലാസ്‌മേറ്റ്‌സ്' റിലീസായത്. പതിമൂന്നുവർഷങ്ങൾക്ക് ശേഷവും ആ സിനിമ പ്രേക്ഷക മനസിൽ ഉയർത്തിയ തരംഗം അവസാനിച്ചിട്ടില്ല.
ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ലാൽ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. ലാൽ ജോസിന്റെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള വിജയമാണ് ക്ലാസ്‌മേറ്റ്‌സ് നേടിയത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ, കാവ്യാ മാധവൻ, രാധിക, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ചിത്രവുമായി ബന്ധപ്പെട്ട് രസകരമായ ഓർമ്മകളും നിമിഷങ്ങളും പങ്കുവച്ച് സംവിധായകൻ ലാൽ ജോസ് രംഗത്തെത്തിയിരിക്കുന്നു. ചിത്രത്തിൽ രാധിക അവതരിപ്പിച്ചിരുന്ന റസിയ എന്ന വേഷം ചെയ്യാൻ കാവ്യാ മാധവൻ ആഗ്രഹിച്ചിരുന്നുവെന്നും അത് അവർ തുറന്ന് പറഞ്ഞപ്പോൾ താൻ ദേഷ്യപ്പെട്ടുവെന്നും ലാൽ ജോസ് പറയുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന് മുമ്പ് കാവ്യ കഥ മനസിലായില്ലെന്ന് തന്നോട് പറഞ്ഞു. ആ സമയം, തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിനോട് കഥ ഒന്നുകൂടി പറഞ്ഞുകൊടുക്കാൻ ചുമതലപ്പെടുത്തി.
കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേർന്ന സീനാണ് ഞങ്ങൾ ആദ്യം എടുക്കാൻ ഉദ്ദേശിച്ചത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ കാവ്യയെ കാണാനില്ല. അതിനിടെ ജെയിംസ് ആൽബർട്ട് ഓടിയെത്തി.
കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാൻ കാര്യമെന്താണെന്ന് തിരക്കി. 'ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി' കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസിലാകുന്നില്ല. ഞാൻ പറഞ്ഞു, റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം. അതും കൂടി കേട്ടപ്പോൾ അവളുടെ കരച്ചിൽ കൂടി. ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോദ്ധ്യപ്പെടുത്തിയപ്പോൾ കാവ്യ മനസില്ലാമനസോടെ സമ്മതിച്ചു' ലാൽ ജോസ് പറയുന്നു.