അവർക്കിടയിൽ ഏതാനും നിമിഷത്തെ മൗനം. വിജയ ഒഴികെയുള്ള പിങ്ക് പോലീസ് ഉദ്യോഗസ്ഥകൾ പരസ്പരം നോക്കി. പിന്നെ വിജയയുടെ മുഖത്തേക്കും.
അവിടെയാണെങ്കിൽ കല്ലിച്ച ഒരു ഭാവം കണ്ടു.
''മുഖ്യമന്ത്രിയായിട്ടും നിന്റെയൊക്കെ യജമാനന് യാതൊരു മാറ്റവും ഇല്ല. അല്ലേടാ?""
വിജയ കടപ്പല്ലു ഞെരിച്ചുകൊണ്ട്, കമ്പിവടി തറയിൽ കുത്തി എഴുന്നേറ്റു.
വിക്രമനും സാദിഖും അനങ്ങിയില്ല...
വിജയ മുരണ്ടു:
''ഞാൻ പോകുന്നുണ്ട്. ആരും കൊണ്ടുപോകാതെ തന്നെ... അവന്റെ അന്തപ്പുരത്തിലേക്കോ അപ്പന്റെ കുഴിമാടത്തിലേക്കോ.. അവസാനത്തെ മുഖാമുഖത്തിന് പിന്നെ അവൻ ഉണ്ടാവില്ല. ഒരാളുടെയും മാനത്തിന് വില പറയാൻ. "
അവൾ പോക്കറ്റിൽ നിന്ന് സെൽഫോൺ എടുത്തു. ഇരുമ്പുവടി ശാന്തിനിയെ ഏല്പിച്ചിട്ട് മുറിവിട്ടു.
പുറത്തേക്കുള്ള ഗ്രില്ലിന് അടുത്തെത്തി. തണുത്ത കാറ്റ് അകത്തേക്കു വീശി വരുന്നുണ്ടായിരുന്നു.
ചെങ്ങന്നൂർ - കോഴഞ്ചേരി റൂട്ടിലൂടെ ഇടയ്ക്കിടെ പാഞ്ഞു പോകുന്ന വാഹനങ്ങൾ...
വിജയ എസ്.പി അരുണാചലത്തെ വിളിച്ചു. കാത്തിരുന്നതുപോലെ രണ്ടാമത്തെ ബല്ലിന് ഫോൺ അറ്റന്റു ചെയ്യപ്പെട്ടു.
''സാർ.... " അവൾ അതുവരെ സംഭവിച്ചത് അയാളെ പറഞ്ഞുകേൾപ്പിച്ചു.
''ഗുഡ്. " എസ്.പിപറഞ്ഞു.
''നേരം പുലരാൻ ഇനിയും സമയമുണ്ടല്ലോ.... ചതച്ചിട്ടായാലും അവന്മാരുടെ ഉള്ളിലുള്ളത് പുറത്തുചാടിക്കണം. രാഹുലിനെ പൂട്ടാനുള്ളത് എന്തെങ്കിലും കിട്ടാതിരിക്കില്ല. "
ശബ്ദം താഴ്ത്തി വേറെ ചില കാര്യങ്ങൾ കൂടി എസ്.പി പറഞ്ഞുകൊടുത്തു.
''ശരി സാർ... "
ഒരു പുതിയ ഉന്മേഷത്തോടെ വിജയ പഴയ റൂമിൽ മടങ്ങിയെത്തി.
അടിയേറ്റു മുട്ടുചിരട്ട തകർന്ന വിക്രമന്റെ കാൽ നീരുവച്ച് വീർക്കാൻ തുടങ്ങിയിരുന്നു.
വിജയ വീണ്ടും ചെയറിലിരുന്നു.
''തിരുവനന്തപുരത്തു നിന്ന് നിങ്ങൾ പിടിച്ച ഒരു ഗുണ്ടയുണ്ടല്ലോ... എന്താ അവന്റെ പേര് ? ങ്ഹാ.... പഴവങ്ങാടി ചന്ദ്രൻ അല്ലേ? അവൻ എവിടെയുണ്ട്?"
വിക്രമനും സാദിഖും വല്ലാതെ നടുങ്ങുന്നത്വിജയ കണ്ടു.
''അയാളെ ഞങ്ങൾക്കറിയില്ല സാർ...."
സാദിഖിന്റെ തൊണ്ട വരണ്ടു.
വിജയ നിർമ്മലയെ നോക്കി. കണ്ണുകൊണ്ട് ഒരടയാളം കാട്ടി.
അടുത്ത നിമിഷം നിർമ്മല മുന്നോട്ടു നീങ്ങി. വിക്രമന്റെയും സാദിഖിന്റെയും തലമുടിയിൽ കുത്തിപ്പിടിച്ചു. ശേഷം ഇരു തലകളും ചേർത്ത് ആഞ്ഞിടിച്ചു.
രണ്ടു കല്ലുകൾ കൂട്ടിമുട്ടുന്നതു പോലെ ഒരു ശബ്ദം. ഇരുവരും അലറിക്കരയാനായി വാ തുറന്നെങ്കിലും ഭയം കാരണം ശബ്ദമടക്കി.
''ഇനി നിങ്ങടെ തലയിൽ പതിക്കുന്നത് ഇരുമ്പുകമ്പിയായിരിക്കും. അതു വേണോടാ? "
നിർമ്മല വിരൽ ചൂണ്ടി.
''വേണ്ടാ.. ഞാൻ പറയാം..."
ഇത്തവണ വിക്രമന്റെചുണ്ടനങ്ങി.
''പഴവങ്ങാടി ചന്ദ്രന്റെശരീരം രാഹുൽ സാറിന്റെ വീടിനു പിന്നിലുണ്ട്...."
അയാൾ എല്ലാം തുറന്നു പറഞ്ഞു.
വിജയയുടെകണ്ണുകളിൽ ഒരു തീപ്പൊട്ട് പാറിവീണു... അവിടെക്കിടന്ന് അത് ജ്വലിക്കാൻ തുടങ്ങി.
***
നേരം പുലരുന്നതേയുള്ളൂ.
ആളിനെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ളഇരുട്ട് അപ്പോഴും പ്രപഞ്ചത്തിൽ ബാക്കി നിന്നു.
ആ സമയം അര ഡസനിലധികം വാഹനങ്ങൾ ഹെഡ്ലൈറ്റുകളിൽ തീ എരിയിച്ചുകൊണ്ട്പാഞ്ഞെത്തി.
മുഖ്യമന്ത്രി രാഹുലിന്റെ വീടുവളപ്പിലേക്ക് അവ വെട്ടിത്തിരിഞ്ഞു.
ആറ്റുചരൽ വിരിച്ച മുറ്റത്ത്, തലേന്ന് രാജസേനന്റെ ശവദാഹത്തിനോട് അനുബന്ധിച്ച് നിർമ്മിച്ചിരുന്ന പന്തലിനു താഴെ അവ ബ്രേക്കിട്ടു.
ഏറ്റവും മുന്നിലെ കാറിൽ നിന്ന്ആദ്യം ചാടിയിറങ്ങിയത് അരുണാചലമാണ്.
പിന്നിലെ വാഹനങ്ങളിൽ നിന്ന് പോലീസ് പടയും മീഡിയക്കാരും ഇറങ്ങി.
'കമോൺ.. ക്വിക്ക്."
അരുണാചലം തിടുക്കം കൂട്ടി.
പോലീസ് പാർട്ടി ബംഗ്ളാവിനു പിന്നിലേക്കു പാഞ്ഞു.
തൊട്ടു പിന്നാലെ ഗേറ്റുകടന്ന്ഒരു ജെ.സി.ബിയും അകത്തേക്കു വന്നു...
നല്ല ഉറക്കത്തിലായിരുന്നു രാഹുൽ.
വാതിലിൽ ആരോ തിടുക്കത്തിൽ മുട്ടന്നതു കേട്ട് അസ്വസ്ഥതയോടെ അവൻ എഴുന്നേറ്റു.
മൊബൈലിൽ സമയം നോക്കിയിട്ട് ചെന്നു വാതിൽ തുറന്നു.
മുന്നിൽ സാവത്രി!
എന്താടാ ഇതൊക്കെ? മുറ്റം നിറയെ പോലീസ്... മണ്ണു മാന്തിയന്ത്രവുംകൊണ്ട്...? "
''ങ്ഹേ? " രാഹുലിന് ഒന്നും മനസിലായില്ല. അവൻ പുറത്തേക്കോടി.
[തുടരും]