ഗാന്ധിനഗർ: രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി രംഗപ്രവേശനം ചെയ്‌ത ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഗുജറാത്തിന്റെ മണ്ണിൽ 58 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷമുള്ള പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രിയങ്ക ബി.ജെ.പിയെയും മോദിയെയും വിമർശിച്ചത്. നിങ്ങളുടെ കൈയ്യിലെ വോട്ടെന്ന ആയുധം തിരഞ്ഞെടുപ്പിൽ വ്യക്തമായി ഉപയോഗിക്കണമെന്ന് പറഞ്ഞ പ്രിയങ്ക ഇപ്പോൾ ഇന്ത്യയിൽ വിദ്വേഷത്തിന്റെ സാഹചര്യമാണെന്നും കൂട്ടിച്ചേർത്തു.
വൻ വാഗ്‌ദ്ധാനങ്ങൾ നൽകി അധികാരത്തിൽ കയറിയവരെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ബി.ജെ.പിക്കാർ വാഗ്‌ദ്ധാനം ചെയ്‌ത തൊഴിൽ അവസരങ്ങൾ ഇപ്പോൾ എവിടെയാണ്? ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് ഇട്ടുതരുമെന്ന് മോദി പറഞ്ഞ 15 ലക്ഷം രൂപ എന്തായി? രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ ഇപ്പോൾ എന്താണെന്നും അവർ ചോദിച്ചു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് മോദി സർക്കാർ ഒളിച്ചോടുകയാണ്. എല്ലാ പ്രശ്‌നങ്ങളെയും ദേശസ്‌നേഹത്തിന്റെ പേരിൽ മോദി അവഗണിക്കുകയാണ്. അറിവിനേക്കാൾ വലിയ ദേശസ്നേഹമില്ല.തൊഴിലില്ലായ്‌മയും കാർഷിക പ്രശ്‌നങ്ങളുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ കുഴപ്പങ്ങളെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്‌ടിതമായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ സങ്കടം തോന്നുന്നു. ഇപ്പോഴത്തെ വിദ്വേഷത്തിന്റെ അന്തരീക്ഷം സ്‌നേഹം കൊണ്ട് കഴുകിക്കളയുമെന്നും പ്രിയങ്ക ഓർമ്മിപ്പിച്ചു.