മുതിർന്നവരിലെ മൂത്രവ്യവസ്ഥയിലെ കാൻസർ വൃക്ക, യുറിറ്റർ, മൂത്രാശയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രനാളി, ലിംഗം, വൃഷണം, വൃഷണസഞ്ചി മുതലായ ഭാഗങ്ങളിലാണ് ഉണ്ടാകുന്നത്. വൃക്കയിലെ കാൻസർ അടുത്തകാലത്തായി കൂടിവരുന്നു. പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണുന്നത്. 50 വയസ് ഉള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലായി കാണുന്നത്.
ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവും ഭൂരിഭാഗം രോഗികൾക്കും പെട്ടെന്ന് ഉണ്ടാകുന്നതാണ്. ജനിതകമായ കാരണങ്ങൾ കൊണ്ട് ഒരു വിഭാഗം രോഗികളിൽ വൃക്കയിലെ കാൻസർ ഉണ്ടാകുന്നു. ഡയാലിസിസിന് വിധേയരാകുന്ന രോഗികളിൽ ഉണ്ടാകുന്ന സിസ്റ്റ് ഇത്തരം കാൻസർ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. പുകവലി വൃക്കയിലെ കാൻസറിന് ഒരു പ്രധാന കാരണമാണ്.
അസുഖങ്ങളൊന്നും കൂടാതെ മറ്റ് കാരണങ്ങൾക്ക് പരിശോധന ചെയ്യുമ്പോൾ കണ്ടുപിടിക്കപ്പെടുന്ന വൃക്കയിലെ കാൻസറുകൾ അടുത്തകാലത്തായി കൂടിവരുന്നു. മൂത്രത്തിൽ രക്തം, വയറിന്റെ പിറകിലായി വേദന, വയറ്റിൽ മുഴകൾ മുതലായ രീതികളിൽ വൃക്കയിലെ കാൻസർ പ്രകടമാകും. ശരീരഭാരം കുറയുക, പനി, വിളർച്ച, രാത്രിയിൽ വിയർക്കുക, വൃഷണങ്ങളിലെ അശുദ്ധ ധമനികൾ വലുതാകുക മുതലായ രീതികളിൽ വൃക്കയിലെ കാൻസർ പ്രകടമാവാം.
രക്തത്തിലെ കാൽസ്യം കൂടുക, കരളിന്റെ പ്രവർത്തനത്തിലെ തകരാറ്, ശരീരത്തിലെ പല ഹോർമോണുകൾ വർദ്ധിക്കുക, ന്യൂറോപതി മുതലായ രീതികളിലും വൃക്കയിലെ കാൻസർ പ്രകടമാവാം.
(തുടരും)