sensex

കൊച്ചി: തിരഞ്ഞെടുപ്പുകാലം പൊതുവേ ഓഹരി വിപണിക്കും പരീക്ഷണകാലമാണ്. എന്നാൽ,​ ഇത്തവണ അത് തിരുത്തിയെഴുതുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ. തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം കടന്നെങ്കിലും കൂളായി കുതിച്ചു മുന്നേറുകയാണ് സെൻസെക്‌സും നിഫ്‌റ്റിയും. ഈ മാർച്ചിൽ,​ സെൻസെക്‌സ് ഇതുവരെ 1,​472 പോയിന്റും നിഫ്‌റ്രി 438 പോയിന്റും മുന്നേറി. ഇന്നലെ സെൻസെക്‌സ് 481 പോയിന്റുയർന്ന് 37,​535ലും നിഫ്‌റ്രി 133 പോയിന്റ് നേട്ടവുമായി 11,​301ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ സെൻസെക്‌സും നിഫ്‌റ്രിയും വ്യാപാരം പൂർത്തിയാക്കുന്ന ഏറ്രവും മികച്ച ഉയരമാണിത്.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം സെൻസെക്‌സ് 847 പോയിന്റും നിഫ്‌‌റ്റി 269 പോയിന്റും മെച്ചപ്പെടുത്തി. നരേന്ദ്ര മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ ഏറിയേക്കുമെന്ന വിലയിരുത്തലുകളാണ് നിക്ഷേപകർക്ക് ആവേശമാകുന്നത്. ആഗോളതലത്തിലെ മികച്ച തരംഗത്തിന്റെ പിൻബലത്തിൽ വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ഡോളറിനെതിരെ രൂപയുടെ മുന്നേറ്റവും ഓഹരി വിപണിക്ക് കരുത്താകുന്നു. തിങ്കളാഴ്‌ച മാത്രം 3,​800 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിയത്.

ദുർബലമായ ഒരു കൂട്ടുകക്ഷി സർക്കാരിനേക്കാൾ ഇന്ത്യയ്ക്ക് നല്ലത് ശക്തമായ ഒറ്റക്കക്ഷി ഭരണമാണെന്ന വിലയിരുത്തൽ നിക്ഷേപകർക്കിടയിലുണ്ട്. മോദി തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അവർ നിക്ഷേപം വൻതോതിൽ ഓഹരികളിലേക്ക് ഒഴുക്കുകയാണ്. ബ്രെക്‌സിറ്ര് കരാറിൽ പുനഃപരിശോധനയാകാമെന്ന യൂറോപ്പ്യൻ യൂണിയൻ കമ്മിഷന്റെ നിലപാടിനെ തുടർന്ന് യൂറോപ്പ്,​ ഏഷ്യൻ ഓഹരികൾ കാഴ്‌വയ്‌ക്കുന്ന മുന്നേറ്രവും ഇന്ത്യയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ ഒരുവേള 530 പോയിന്റ് വരെ കുതിച്ച ശേഷമാണ് സെൻസെക്‌സ് 481 പോയിന്റിലേക്ക് നേട്ടം നിജപ്പെടുത്തിയത്.

കാപ്പിറ്റൽ ഗുഡ്‌സ്,​ കൺസ്യൂമർ ഡ്യൂറബിൾസ്,​ ടെലികോം,​ ഹെൽത്ത് കെയർ,​ ധനകാര്യം,​ ഊർജം ഓഹരികൾ ഇന്നലെ ലാഭം കുറിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക്,​ എൽ ആൻഡ് ടി.,​ സൺ ഫാർമ,​ റിലയൻസ് ഇൻഡസ്‌ട്രീസ്,​ ആക്‌സിസ് ബാങ്ക്,​ അദാനി പോർട്‌സ്,​ ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് നേട്ടത്തിന് ചുക്കാൻപിടിച്ച പ്രമുഖ ഓഹരികൾ.

മുന്നേറ്റത്തിന്റെ

മാർച്ച്

ഈമാസം ഇതുവരെ സെൻസെക്‌സ് 1472 പോയിന്റും നിഫ്‌റ്റി 438 പോയിന്റും മുന്നേറി. സെൻസെക്‌സിലെ നിക്ഷേപരുടെ മൂല്യത്തിലുണ്ടായ വർദ്ധന ഈമാസം ഇതുവരെ 7.79 ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം ഉയർന്നത് 1.27 ലക്ഷം കോടി രൂപ.

₹148 ലക്ഷം കോടി

സെൻസെക്‌സിന്റെ മൊത്തം മൂല്യം ഇപ്പോൾ 148 ലക്ഷം കോടിയോളം രൂപയാണ്. ഫെബ്രുവരി അവസാനം ഇത് 140.41 ലക്ഷം കോടി രൂപയായിരുന്നു.

രൂപയും മുന്നോട്ട്

ഡോളറിനെതിരെ 19 പൈസ ഉയർന്ന്,​ രണ്ടര മാസത്തെ ഉയരമായ 69.70ലാണ് രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഓഹരി വിപണിയിലേക്ക് മികച്ച തോതിൽ വിദേശ നിക്ഷേപമെത്തുന്നതും ഡോളർ വിറ്റുമറിച്ച് രൂപയ്ക്ക് താങ്ങാകാൻ റിസർവ് ബാങ്ക് നടത്തുന്ന ഇടപെടലുകളുമാണ് കരുത്താകുന്നത്. ഇന്നലെ ഒരുവേള രൂപ,​ 69.56 വരെ ഉയർന്നിരുന്നു.