cn-jayadevan

തൃശൂർ: പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിനാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് താൻ ഇറങ്ങിപ്പോയെന്ന് ചില പത്രങ്ങളിൽ വന്ന വാർത്തകൾ അസംബന്ധമാണെന്ന് സി.എൻ. ജയദേവൻ എം.പി പറഞ്ഞു. തന്നെ നിയന്ത്രിക്കാനും പ്രസംഗിക്കാൻ അനുവദിക്കാതിരിക്കാനും ജില്ലയിലെ പാർട്ടി നേതൃത്വത്തിൽ ആരുമില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി പ്രസംഗിച്ച വേദിയിൽ പിന്നീട് ഒരു പ്രസംഗത്തിനു പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് കൺവെൻഷൻ തുടങ്ങിയ മൂന്നര മണി മുതൽ അവസാനിക്കുന്നതുവരെയും പൂർണമായും കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇടയ്ക്കുവച്ച് എഴുന്നേറ്റത് സമീപത്തിരുന്നവർ വെള്ളം ചോദിച്ചപ്പോൾ വെള്ളം ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സംഘാടകരെന്ന നിലയിൽ ചായയോ വെള്ളമോ കൊടുക്കേണ്ടത് പാർട്ടിയുടെ ചുമതലയാണ്. വെള്ളംകുപ്പിയുമായി തിരിച്ചുവന്ന താൻ ആവശ്യക്കാർക്ക് അത് നൽകുകയും ചെയ്തു. ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷമാണ് പുറത്തിറങ്ങിയത്.