കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് 41 ശതമാനം സീറ്റ് നീക്കിവച്ച് തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അദ്ധ്യക്ഷയുമായ മമതാ ബാനർജിയാണ് പ്രഖ്യാപിച്ചത്.
പത്ത് സിറ്റിംഗ് എം.പിമാരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിന് പുറമെ ഒഡിഷയിലും അസാമിലും ജാർഖണ്ഡിലും ബീഹാറിലും ആൻഡമാനിലും തൃണമൂൽ ചില സീറ്റുകളിൽ മത്സരിക്കും.
പ്രമുഖ സിനിമാ ടിവി താരങ്ങളും സ്ഥാനാർത്ഥി ലിസ്റ്റിലുണ്ട്. ബങ്കുരയിൽ നിന്നുള്ള എം.പിയും അഭിനേത്രിയുമായ മൂൺ മൂൺ സെൻ ഇത്തവണ അസൻസോളിൽ ബി.ജെ.പി സ്ഥാനാർത്ഥിയും ഗായകനുമായ ബാബുൽ സുപ്രിയോക്കെതിരെ മത്സരിക്കും.മുൻ റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദി ബാരക്പോറിൽ മത്സരിക്കും. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ മത്സരിക്കുന്നത്. റായ്ഗഞ്ചിൽ കനയ്യലാൽ അഗർവാൾ മത്സരിക്കും.മാൽഡ നോർത്തിൽ മുൻ കോൺഗ്രസ് എം.പി മൗസം നൂറാണ് മത്സരിക്കുന്നത്. സിനിമാ താരങ്ങളായ നസ്രത് ജഹാൻ, മിമി ചക്രബർത്തി എന്നിവരെയും മമത കളത്തിലിറക്കിയിട്ടുണ്ട്.അതേസമയം മറ്റു സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കൾ വിളിച്ചാൽ പ്രചാരണത്തിന് പോകുമെന്ന് മമത പറഞ്ഞു.
അഖിലേഷ് യാദവിനും മായാവതിക്കും മുൻതൂക്കം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. വേണ്ടി വന്നാൽ വാരണാസിയിലും പ്രചാരണത്തിനെത്തും. മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും മമത വ്യക്തമാക്കി