മുംബയ് : മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി നൽകി മുതിർന്ന അംഗവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് വിഖെ പാട്ടീൽ ബി.ജെ.പിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് നഗറിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സുജയ് ബി.ജെ.പിയിൽ ചേർന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിദ്ധ്യത്തിലാണ് സുജയ് ബി.ജെ.പി അംഗത്വമെടുത്തത്. എൻ.സി.പിയുടെ പരമ്പരാഗത മണ്ഡലമായ അഹമ്മദ് നഗറിൽനിന്നുള്ള നേതാവാണ് രാധാകൃഷ്ണ. മകനു മത്സരിക്കാൻ ഈ മണ്ഡലം കോൺഗ്രസിനു വിട്ടു നൽകണമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയില്ല. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു സുജയ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച ബി.ജെ.പി നേതാവ് ഗിരീഷ് മഹാജനുമായി സുജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, സുജയ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമോ എന്നതു സംബന്ധിച്ച തീരുമാനമായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിനു മുൻപ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 സീറ്റിൽ എൻ.സി.പിയും 26 സീറ്റിൽ കോൺഗ്രസും മത്സരിക്കാമെന്നു നേരത്തേ തന്നെ ധാരണയായിരുന്നു.