 നാണയപ്പെരുപ്പം മൂന്നുമാസത്തെ ഉയരത്തിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനും പൊതുജനത്തിനും ബിസിനസ് ലോകത്തിനും ഒരുപോലെ ആശങ്ക സമ്മാനിച്ച് ജനുവരിയിലെ വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി)​ കുത്തനെ ഇടിഞ്ഞു. റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഫെബ്രുവരിയിൽ മൂന്നു മാസത്തെ ഉയരത്തിലെത്തിയതും തിരിച്ചടിയായി.

2018 ഡിസംബറിലെ 2.4 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 1.7 ശതമാനത്തിലേക്കാണ് വ്യാവസായിക ഉത്‌പാദന വളർച്ചയുടെ ഇടിവ്. 2018 ജനുവരിയിൽ വളർച്ച 7.5 ശതമാനമായിരുന്നു. ഐ.ഐ.പിയിൽ 75 ശതമാനം പങ്കുംവഹിക്കുന്ന മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച 2.7 ശതമാനത്തിൽ നിന്ന് 1.3 ശതമാനത്തിലേക്ക് താഴ്‌ന്നു. അതേസമയം,​ നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ജനുവരിയിൽ ഐ.പി.ഐ വളർച്ച 4.4 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. മുൻ വർഷത്തെ സമാന കാലയളവിൽ 4.1 ശതമാനമായിരുന്നു വളർച്ച.

റീട്ടെയിൽ നാണയപ്പെരുപ്പം നാല് മാസത്തെ ഉയരമായ 2.57 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം ഉയർന്നത്. ജനുവരിയിൽ ഇത് 2.05 ശതമാനവും 2018 ഫെബ്രുവരിയിൽ 4.44 ശതമാനവുമായിരുന്നു. ഭക്ഷ്യ വിലപ്പെരുപ്പം ജനുവരിയിലെ നെഗറ്രീവ് 2.24 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 0.66 ശതമാനത്തിലേക്കും ഉയർന്നു. ഇതോടെ,​ റിസർവ് ബാങ്ക് അടുത്തമാസം പ്രഖ്യാപിക്കുന്ന ധനനയത്തിൽ പലിശനിരക്കുകൾ താഴാനുള്ള സാദ്ധ്യത മങ്ങി. ഫെബ്രുവരിയിലെ ധനനയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു.