rahul-

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ മോചിപ്പിച്ചത് ബി.ജെ.പി സർക്കാരാണെന്ന് രാഹുൽഗാന്ധി. കോൺഗ്രസ് സർക്കാർ പിടികൂടിയ മസൂദ് അസ്ഹറിനെ ബിജെപി സർക്കാരാണ് പാക്കിസ്ഥാനിലേക്കു വിട്ടതെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തോട് തുറന്നു പറയണം. ബിജെപി സർക്കാർ പ്രത്യേക വിമാനത്തിൽ അജിത് ഡോവലിനെ കാവാലാളായി അയച്ചാണ് മസൂദിനെ പാക്കിസ്ഥാനിലെത്തിച്ചതെന്നും രാഹുൽ ആരോപിച്ചു.

റാഫേൽ കരാറിൽ അന്വേഷണം തുടങ്ങാൻ തീരുമാനിച്ച് രണ്ടുമണിക്കൂറിനുള്ളിൽ സി.ബി.ഐ ഡയറക്ടറെ മാറ്റി. അഴിമതിക്കെതിരെ പോരാടുമെന്നാണ് മോദി അറിയിച്ചിരുന്നത്. അതിനാൽ എന്തുകൊണ്ടാണ് 30,000 കോടി അനിൽ അംബാനിക്കു നൽകിയതെന്ന് ജനങ്ങൾ ചോദിക്കണമെന്നും രാഹുൽ പറഞ്ഞു.ജനങ്ങൾ നീതിക്കുവേണ്ടി സുപ്രീംകോടതിയിലേക്കാണു പോകുന്നത്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ സുപ്രീംകോടതി ജഡ്ജിമാർ ജനങ്ങൾക്കു മുന്നിലെത്തി നീതിക്കുവേണ്ടി കൈനീട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കാർഷിക വായ്പകൾ എഴുതിത്തള്ളാൻ ബി.ജെ.പി സർക്കാർ തയ്യാറാകുന്നില്ല. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളിൽ തന്നെ കോൺഗ്രസ് വായ്പകൾ എഴുതി തള്ളി. ഗുജറാത്തിലെ ജനങ്ങളുടെ വായ്പ എഴുതിത്തള്ളാൻ ഞങ്ങൾക്ക് ഒരവസരം ലഭിക്കാത്തതിൽ വിഷമമുണ്ട്. അവരുടെ വിഷമം മനസിലാകും.

നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ ഗുജറാത്തി വ്യവസായികൾക്ക് തിരിച്ചടിയാണു നേരിട്ടത്.

അധികാരത്തിലെത്തിയാൽ എല്ലാ ഉത്പന്നങ്ങൾക്കും ഒറ്റ ജി.എസ്.ടി നടപ്പാക്കും. ഇന്ത്യൻ വ്യോമസേനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എന്നാൽ അവരിൽനിന്ന് 30,000 കോടി മോഷ്ടിച്ച് അനിൽ അംബാനിക്കു നൽകിയ കാര്യം ആരോടും പറഞ്ഞില്ലെന്നും രാഹുൽ പരിഹസിച്ചു.