raghavan

പനമരം(വയനാട്): ക്ഷീരോത്പാദക സംഘത്തിൽ പാൽ നൽകി വീട്ടിലേക്ക് പോവുകയായിരുന്ന വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. പനമരം പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ സുരേഷിന്റെ പിതാവ് കാപ്പുഞ്ചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവനെയാണ് (74) കാട്ടാന കൊലപ്പെടുത്തിയത്. കാപ്പുഞ്ചാലിന് സമീപത്തായിരുന്നു ആക്രമണം. ഏറെ നേരം റോഡിൽ കിടന്ന രാഘവനെ നാട്ടുകാർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണം തുടരുന്ന കാപ്പുംചാലിലും പരിസര പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചു. മാധവിയാണ് ഭാര്യ. മറ്റുമക്കൾ: ബാബു, മനോജ്, വിനീഷ്, അജീഷ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. ആനയെ മയക്കുവെടി വച്ച് പിടിക്കാൻ ഉച്ചയ്ക്ക് ഒരു മണിയോടെ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. രാവിലെ മുതൽ ആനയെ കാട് കയറ്റാൻ ശ്രമം തുടങ്ങിയെങ്കിലും കൈതയ്ക്കൽ പള്ളി മൈതാനത്തിന് സമീപം കാട്ടിൽ നിലയുറപ്പിക്കുകയായിരുന്നു. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ വനപാലകരായ സുനീഷ്, കാസ്‌ട്രോ, സാജൻ, രാജൻ എന്നിവർക്ക് നിസാര പരിക്കേറ്റു.

സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് ബാബു, എ.ഡി.എം കെ. അജീഷ്, നോർത്ത് വയനാട് ഡി.എഫ്.ഒ കീർത്തി, വയനാട് വൈൽഡ് ലൈഫ് വാർഡൻ എ.ടി. സാജൻ, മൂന്ന് വനം ഡിവിഷനുകളിലെയും മറ്റ് ഉദ്യോഗസ്ഥർ, ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു.

റോഡ് ഉപരോധിച്ചു

സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. രാഘവന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും രാത്രി കാവൽ ഏർപ്പെടുത്തുമെന്നും പ്രദേശത്ത് വൈദ്യുതി കമ്പിവേലി സ്ഥാപിക്കുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.