ajin

തിരുവല്ല: പ്രണയനൈരാശ്യത്തെ തുടർന്നുണ്ടായ പകയിൽ വിദ്യാർത്ഥിനിയെ 18 കാരൻ നടുറോഡിൽ തടഞ്ഞുനിറുത്തി പെട്രോളൊഴിച്ച് തീകൊളുത്തി. ശരീരമാസകലം പൊള്ളലേറ്റ വിദ്യാർത്ഥിനിയെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവല്ല ചിലങ്ക തിയേറ്ററിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്നലെ രാവിലെ 9.11 നാണ് സംഭവം.

പ്രതി വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളേജിലെ ബി.എസ്‌സി ഒന്നാംവർഷ വിദ്യാർത്ഥി കുമ്പനാട് കോയിപ്രം കരാലിൽ വീട്ടിൽ അജിൻ റെജി മാത്യുവിനെ (18) ഓടിക്കൂടിയവർ പിടികൂടി പൊലീസിൽ ഏല്പിച്ചു. അയിരൂർ ചരുവിൽ കിഴക്കേതിൽ വിജയകുമാറിന്റെ മകൾ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് തിരുവല്ല സെന്ററിലെ മെഡിക്കൽ ഇമേജിംഗ് ടെക്നോളജി വിദ്യാർത്ഥി കവിതയ്ക്കാണ് (20) ഗുരുതരമായി പൊള്ളലേറ്റത്. കവിതയുടെ കുടുംബം ചുമത്ര വാഴപ്പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.

സംഭവം ഇങ്ങനെ: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപം എത്തിയ അജിൻ റോഡിലൂടെ നടന്നുവന്ന കവിതയെ തടഞ്ഞുനിറുത്തി. ഇരുവരും സംസാരിച്ചു തുടങ്ങുന്നതിനിടെ രോഷാകുലനായ അജിൻ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട്‌ യുവതിയുടെ വയറിൽ വലതുഭാഗത്ത് മുറിവേല്പിച്ചു. തുടർന്ന് ബാഗിൽ സൂക്ഷിച്ച ഒരുകുപ്പി പെട്രോൾ തലയിലൂടെ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു. 40 സെക്കൻഡിനുള്ളിൽ എല്ലാം സംഭവിച്ചു. സെക്കൻഡുകൾ നിന്നുകത്തിയ യുവതി, പ്രാണവേദനയോടെ നിലവിളിച്ച് നിലത്തുവീണു. അതുവഴി വന്ന ആട്ടോറിക്ഷാ ഡ്രൈവർമാർ വെള്ളവും മറ്റും ഉപയോഗിച്ച് തീകെടുത്തിയ ശേഷം ആദ്യം പുഷ്പഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വയറിലെ മുറിവ് ഗുരുതരമല്ലെന്നും എന്നാൽ പൊള്ളൽ 60 ശതമാനത്തിനു മുകളിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കൂസാതെ, പതറാതെ പ്രണയകഥയുമായി പ്രതി
എല്ലാം നിശ്ചയിച്ച് ഉറപ്പിച്ചപോലെയായിരുന്നു അജിൻ കൃത്യം നടത്താനെത്തിയത്. ബാഗിൽ മൂന്നു കുപ്പികളിലായി പെട്രോൾ, കയർ, കത്തി, ലൈറ്റർ എന്നിവ കരുതിയിരുന്നു. കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. കുറ്റബോധം തെല്ലും ഇല്ലാത്ത മട്ടിൽ നിന്ന പ്രതി സംഭവമെല്ലാം പൊലീസിനോട് കൃത്യമായി വിവരിച്ചു.

അയിരൂർ പുത്തേഴം സ്‌കൂളിൽ ഹയർസെക്കൻഡറിക്ക് പഠിക്കുമ്പോൾ മുതൽ, മൂന്നുവർഷമായി കവിതയുമായി പ്രണയത്തിലായിരുന്നു. കവിത പ്രായത്തിൽ മുതിർന്നതാണെങ്കിലും ഇരുവരും സഹപാഠികളായിരുന്നു. കുറേ ദിവസങ്ങളായി യുവതി അകൽച്ചയിലാണെന്നും പ്രണയബന്ധം തകർന്ന വിരോധത്തിന് പകവീട്ടുകയായിരുന്നെന്നും അജിൻ പൊലീസിനോട് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്നും അജിൻ പറഞ്ഞു.

സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സി.സി കാമറയിൽ നിന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. തിരുവല്ല ഡിവൈ.എസ്.പി ഉമേഷ്‌കുമാർ, പൊലീസ് ഇൻസ്‌പെക്ടർ പി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരായ ടി.കെ. ശ്രീജ, ശൈലജാകുമാരി എന്നിവരും ശാസ്ത്രീയ അന്വേഷണ വിദഗ്ദ്ധ ലീലാ വി. നായരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി ജയദേവിന്റെ നേതൃത്വത്തിൽ അജിനെ കൂടുതൽ ചോദ്യം ചെയ്യും.