bjp-

ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിച്ച് കാണ്ഡഹാറിലെത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ. മസൂദിനെക്കുറിച്ച് അജിത് ഡോവൽ പണ്ട് ഒരഭിമുഖത്തിൽ പറഞ്ഞതാമ് ഇപ്പോൾ ചർച്ചയാവുന്നത്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് അഭിമുഖത്തിന്റെ വിശദാംശങ്ങൾ ട്വീറ്റ് ചെയ്തത്.

ഇന്ത്യയിലെ പല ഭീകരാക്രമണങ്ങൾക്കും പിന്നിലെ ബുദ്ധികേന്ദ്രം ജെയ്ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസർ ആയിരുന്നു. 1999ൽ എയ‍ർ ഇന്ത്യ വിമാനം ഭീകരർകാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയതിനെ തുടർന്നാണ് ഇന്ത്യൻ തടവിലുണ്ടായിരുന്ന മസൂദ് അസറിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നത്.

''ഞാൻ നിരവധി ഭീകരരെ കണ്ടിട്ടുണ്ട്. ജീവനോടെയും അല്ലാതെയും. മസൂദ് അസറിന് ഒരു ബോംബ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അയാൾ വെടിവെക്കുന്നതിൽ വിദഗ്ധനുമല്ല. മസൂദ് അസറിനെ വിട്ടയച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നു"-ദോവൽ ആ അഭിമുഖത്തിൽ പറയുന്നതിങ്ങനെ.

മസൂദുൾപ്പെടെയുള്ള ഭീകരരെ വിട്ടയച്ചതുകൊണ്ട് വലിയ പരാജയമൊന്നും സംഭവിച്ചിട്ടില്ലെന്നും അന്ന് ദോവൽ പറഞ്ഞു. മസൂദിനെ വിട്ടയച്ചതിന് ശേഷമാണ് ഏഴ് വർഷമായി മുടങ്ങിയ തിരഞ്ഞെടുപ്പുകൾ കാശ്മീരിൽ നടക്കാൻ തുടങ്ങിയത്. കാശ്മീരിൽ വലിയ തോതിൽ രാഷ്ട്രീയ പ്രവർത്തനങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും തുടങ്ങി. മസൂദിനെ മോചിപ്പിച്ച ശേഷം കാശ്മീരിൽ ടൂറിസം വലിയ തോതിൽ ശതമാനം വളർച്ച നേടിയെന്നും ദോവൽ അന്ന് പറഞ്ഞിരുന്നു.