sabarimala

ശബരിമല: പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിൽ കൊടിയേറി. 21നാണ് ആറാട്ട്. അയ്യപ്പഭക്തരുടെ ശരണം വിളികൾക്കിടെ ഇന്നലെ രാവിലെ തന്ത്രി കണ്ഠര് രാജീവരരാണ് കൊടിയേറ്റിയത്.
കിഴക്കേ മണ്ഡപത്തിൽ കൊടിക്കൂറ പൂജിച്ചു ശ്രീകോവിലിൽ ആഘോഷമായി എത്തിച്ച് ദേവചൈതന്യം നിറച്ച് വാദ്യമേളങ്ങളോടെ കൊടിമരച്ചുവട്ടിൽ എത്തിച്ചശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
ഇന്നു മുതൽ 20 വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ട്. ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയാണ് ഉത്സവബലി. പള്ളിവേട്ട 20നു രാത്രിയിലാണ്. ഉത്സവത്തിനു സമാപനം കുറിച്ച് 21നു രാവിലെ പമ്പയിലേക്ക് ആറാട്ടിന് പുറപ്പെടും. 11 ന് പമ്പയിൽ ആറാട്ട് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരികെ എഴുന്നള്ളത്ത് നടക്കും. ആറാട്ടുഘോഷയാത്ര പതിനെട്ടാംപടി കയറി സോപാനത്തെത്തുമ്പോൾ ഉത്സവത്തിനു കൊടിയിറങ്ങും.