കൊൽക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ബംഗാളിൽ ഒാപ്പറേഷൻ ലോട്ടസുമായി ബി.ജെ.പി രംഗത്ത്. സി.പി.എമ്മിനെ ഞെട്ടിച്ച് കൊണ്ട് സി.പി.എം എം.എൽ.എയും തൃണമുൽ എം.പിയും ബി.ജെ.പിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എം.പി അനുപം ഹസ്രയും സി.പി.എം എം.എൽ.എ ഖാഹർ മുർമുവും ആണ് ബി.ജെ.പിയിൽ ചേർന്നത്.
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ഇടത് നേതാക്കൾ ബി.ജെ.പിയിൽ ചേരുന്നത്. ബംഗാളിൽ മമതാ ബാനർജിക്കെതിരെ ബി.ജെ.പി ശക്തമായി മത്സര രംഗത്തുണ്ട്. ബി.ജെ.പി ജനറൽ സെക്രട്ടറി വിജയവർഗിയയുടെ സാന്നിദ്ധ്യത്തിലാണ് തൃണമുൽ നേതാവ് അനുപം ഹസ്ര ബി.ജെപിയിൽ ചേർന്നത്.
2014 ലെ ലോക്സഭാ തിരഞ്ഞെപ്പിൽ ബോഷപൂർ മണ്ഡലത്തിൽ നിന്നാണ് അനുപം ഹസ്ര തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പാർട്ടിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ജനുവരി ഒമ്പതിന് തൃണമൂൽ കോൺഗ്രസിൽ നിന്നും പുറത്താക്കുകയായിരുന്നു. മമതക്കെതിരായുള്ള മത്സരത്തിൽ അനുപം ഹസ്രയെ ഉപയോഗിക്കാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്.