k-surendran-

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പ്രചാരണത്തിൽ ശബരിമലയെക്കുറിച്ച് പറയരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നൽകിയതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ചിഹ്നങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല, പരനിന്ദ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് ചട്ടത്തിലുള്ളത്.

ഏതെങ്കിലും ഒരു വിഷയം ചർച്ചയായിക്കൂടായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ പറയാൻ സാധിക്കും. ജനങ്ങൾ ചർച്ച ചെയ്യുന്ന വിഷയം പാർട്ടികൾ ചർച്ച ചെയ്യരുതെന്ന് പറയാൻ കമ്മീഷന് അധികാരമില്ല. ബാബറി മസ്ജിദിനെക്കുറിച്ച് പറയാം,​ ശബരിമലയെക്കുറിച്ച് പറയാൻ പാടില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. സംസ്ഥാന സർക്കാരിന് അനുകൂലമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാൽ വിധിയുടെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യാൻ പാടില്ല എന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു. പച്ചയായ പക്ഷം പിടിച്ചുള്ള നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും ഉള്ളിൽ നിന്ന് ഏത് വിഷയത്തെക്കുറിച്ചും ചർച്ച ചെയ്യാൻ കഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സി.പി.എം ബീഫ് ഫെസ്റ്റിവൽ നടത്തുന്നതും കോൺഗ്രസ് പശുവിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രശ്നമൊന്നുമില്ല, ശബരിമല മാത്രമാണ് പ്രശ്നമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.