election-

തിരുവനന്തപുരം: ശബരിമല പ്രശ്നം പ്രചാരണായുധമാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല എന്ന വാക്ക് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ടിക്കാറാം മീണ പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ചട്ടം ലംഘിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. താൻ സർക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ശരിയല്ലെന്നും നിഷ്പക്ഷതയിൽ സംശയം വേണ്ടെന്നും അദ്ദേഹം അറിയിച്ചു. തനിക്കെതിരെ പരാതി കൊടുത്തവിവരം അറിയില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണ്. ഈ കസേരയിലിരിക്കുമ്പോൾ ആരെയും പേടിയില്ല. നിഷ്പക്ഷനായതിനാലാണ് തന്നെ ഈ പദവിയിലിരുത്തിയത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. വോട്ടിന് മതത്തെ ഉപയോഗിക്കണമെന്ന് പാർട്ടികൾ വാശിപിടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ടിക്കാറാം മീണയെ ചുമതലയിൽ നിന്ന് മാറ്റണമെന്നും, നിയന്ത്രണം സംസ്ഥാന സർക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാനാണെന്നും കാണിച്ച് ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.