റിയാദ്: വിദേശ തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ വിസകൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതോടെ ലോകത്ത് എവിടെ നിന്നും ആർക്കും ഹജ്ജ് ഉംറ വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാം. ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഓൺലൈൻ സേവന വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതിയായ രേഖകളുള്ളവർ ആവശ്യമായ വിവരങ്ങൾ ഓൺലൈൻ വഴി നൽകിയാൽ നിമിഷങ്ങൾക്കകം വിസ ലഭിക്കുന്നതാണ് പുതിയ രീതി. നിലവിൽ വിദേശ ഏജൻസികൾ വഴി എംബസിയിൽ നിന്ന് വിസ ലഭിക്കുന്ന രീതിയാണ് തുടരുന്നത്. എന്നാൽ വിദേശ എംബസിയെയോ ഏജൻസിയെയോ സമീപിക്കേണ്ടതില്ല എന്നത് ഓൺലൈൻ വിസ സംവിധാനത്തിന്റെ പ്രത്യേകതയാണ്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പോർട്ടലിൽ ലഭ്യമായ സേവനങ്ങളും സൗദിയിൽ സേവനം ചെയ്യുന്ന സ്ഥാപനവും തീർത്ഥാടകർക്ക് തിരഞ്ഞെടുക്കാൻ കഴിയും