mayawati

ലക്‌നൗ: നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷപാർട്ടികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത 'മഹാസഖ്യ'ത്തിന് തിരിച്ചടി നൽകി ബി.എസ്.പി അദ്ധ്യക്ഷ മായാവതി.

ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി സമാജ് വാദി പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച ബി.എസ്‌.പി അദ്ധ്യക്ഷ ഒരു സംസ്ഥാനത്തും കോൺഗ്രസുമായി സഖ്യമില്ലെന്ന് അറിയിച്ചു. ബി.എസ്.പിയുമായി പരസ്പര ബഹുമാനത്തോടെയുള്ള സഖ്യമാണിത്. ബി.ജെ.പിയെ ഉത്തർ പ്രദേശിൽ പരാജയപ്പെടുത്താൻ എസ്.പി-ബി.എസ്‌.പി സഖ്യത്തിന് സാധിക്കുമെന്നും മായാവതി പറഞ്ഞു. ലക്‌നൗവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് മായാവതി നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അത്തരം നീക്കങ്ങൾ ബി.എസ്‌പിക്ക് തിരിച്ചടിയായേക്കാമെന്നും മായാവതി പറഞ്ഞു.

നേരത്തെ രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സഖ്യത്തിന് ബി.എസ്.പി തയ്യാറായിരുന്നില്ല. മോദിക്കും ബി.ജെ.പിക്കും എതിരെ ഒന്നിച്ച് നിൽക്കുന്നതിനെക്കുറിച്ച് രാഹുൽ ആവർത്തിക്കുന്നതിനിടയിലാണ് മായാവതി പുതിയ നിലപാട് പ്രഖ്യാപിച്ചത്.