മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു തിലകൻ. അഭ്രപാളിയിൽ വിസ്മയം തീർത്ത അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം വിവാദങ്ങൾ കൊണ്ട് എല്ലായ്പ്പോഴും മുഖരിതമായിരുന്നു. അത്തരത്തിലുള്ള ഒരു വിവാദത്തിന് അടുത്തിടെ അഭിനേത്രി കെ.പി.എ.സി ലളിത തിരി കൊളുത്തിയിരുന്നു.
തന്റെ ഭർത്താവ് ഭരതനെക്കുറിച്ച് തിലകൻ വളരെ മോശമായി പറഞ്ഞിരുന്നുവെന്നും അതിന്റെ പേരിൽ തിലകനുമായി വർഷങ്ങളോളം മിണ്ടിയിരുന്നില്ലെന്നുമാണ് കേരള കൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ ലളിത വെളിപ്പെടുത്തിയത്. അടൂർ ഭാസിയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ അയാൾ ഒഴിവാക്കിയിരുന്നെന്നും ഇതേ അഭിമുഖത്തിൽ ലളിത പറഞ്ഞിരുന്നു.
ഇവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഷമ്മി തിലകനെ ചൊടിപ്പിക്കുകയും പേരെടുത്ത് പറയാതെ ഷമ്മി ലളിതയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമീപകാലത്തെ മീ ടൂ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലളിതയുടെ വെളിപ്പെടുത്തലിന് വളരെ വലിയ സ്വീകാര്യത ലഭിച്ചു. മരിച്ചുപോയ കലാകാരന്മാരെപ്പറ്റി ഇല്ലാത്തത് പറയരുതെന്നും പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നുമാണ് ഷമ്മി തിലകൻ 2018 ഒക്ടോബർ 10 ന് ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ അടൂർഭാസിയെ കുറിച്ചുള്ള കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തലുകളൊന്നും തന്നെ താൻ വിശ്വസിക്കില്ലെന്ന് മലയാള സിനിമയിലെ മുതിർന്ന നടി കവിയൂർ പൊന്നമ്മ വ്യക്തമാക്കിയിരുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു കവിയൂർ പൊന്നമ്മയുടെ പരാമർശം. അടൂർ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോൾ ഞെട്ടലോടെയായിരുന്നു കവിയൂർ പൊന്നമ്മ പ്രതികരിച്ചത്. താൻ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു.
കവിയൂർ പൊന്നമ്മയുടെ ഈ പ്രതികരണം ഫേസ്ബുക്കിൽ പങ്കുവച്ച് ഷമ്മി തിലകൻ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. താനന്ന് പറഞ്ഞത് പലരും വിശ്വസിച്ചില്ലെന്നും തനിക്കെതിരെ പലരും വാളോങ്ങിയെന്നും, എന്നാൽ കവിയൂർ പൊന്നമ്മയുടെ പരാമർശത്തോടെ ചുട്ട മറുപടി തക്കസമയത്ത് നൽകാൻ, മൺമറഞ്ഞവർക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് ഷമ്മി ഫേസ്ബുക്കിൽ കുറിച്ചത്.