ന്യൂഡൽഹി: ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുമെന്ന് സൂചന. തുഷാർ വെള്ളാപ്പള്ളിയുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് അറിയുന്നു. തുഷാർ മത്സരിക്കാൻ തയ്യാറായാൽ തൃശൂർ സീറ്റ് നൽകുമെന്ന് നേരത്തെതന്നെ വാർത്തകളുണ്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന വിവരം.
ലോക്ടസഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകണമെന്ന് അമിത് ഷാ നിലപാട് വ്യക്തമാക്കിയിരുന്നു.
തുഷാർ മത്സരിക്കുന്നത് തിരഞ്ഞടുപ്പിൽ എൻ.ഡി.എയ്ക്ക് ഗുണകരമാകുമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വവും തുഷാർ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
തുഷാർ സ്ഥാനാർത്ഥിയായില്ലെങ്കിൽ ബി.ഡി.ജെ.എസ് വോട്ടുകൾ ഇടതുപക്ഷത്തേക്ക് ചായുമോയെന്ന ആശങ്കയും ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു.
മൽസരിക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ എസ്.എൻ.ഡി.പി ഭാരവാഹിയായതിനാൽ സംഘടനയിൽ കൂടുതൽ ചർച്ച വേണമെന്നായിരുന്നു തുഷാറിന്റെ മറുപടി. സംഘടനാ ചുമതലയുള്ള ഭാരവാഹിയായി പാർട്ടിയിൽ തുടർന്നാലേ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കാനാകൂ എന്നും സ്ഥാനാർത്ഥി അല്ലെങ്കിൽ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിൽ കൂടുതൽ സജീവമാകാമെന്നും തുഷാർ അറിയിച്ചു. തുഷാർ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നതിന് പിന്നാലെ സമുദായ പദവികൾ രാജിവെയ്ക്കണമെന്നത് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.