ഇനി മാമ്പഴക്കാലം. മാമ്പഴം രുചിക്കുമ്പോൾ ആരോഗ്യഗുണങ്ങളും അറിയാം. നാരുകൾ, വിറ്റാമിൻ എ,സി,ഇ, വിറ്റാമിൻ ബി 6 പൊട്ടാസ്യം, മെഗ്നീഷ്യം, ചെമ്പ് എന്നീ ഘടകങ്ങൾ മാമ്പഴത്തിലുണ്ട്. ക്യുർസെറ്റിൻ, ബീറ്റാകരോട്ടിൻ, അസ്ട്രാഗാലിൻ എന്നീ ആന്റിഓക്സിഡന്റുകൾ സ്വതന്ത്ര റാഡിക്കലുകളെ നിർവീര്യമാക്കും. ഫൈബർ പെക്ടിൻ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും, പ്രോസ്റ്റേറ്റ് കാൻസറിനെ തടയും. ദഹനമില്ലായ്മക്കും അസിഡിറ്റിക്കും പരിഹാരമാണ് മാമ്പഴം. ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ച പരിഹരിക്കും. ഇതിനാൽത്തന്നെ ഗർഭിണികൾക്കും മികച്ചതാണ്.
കൊളാജൻ എന്ന പ്രോട്ടീനിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തി യൗവനം നിലനിറുത്തും. വിറ്റാമിൻ ബി 6 തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ഇതിലുള്ള ബീറ്റാകരോട്ടിൻ പ്രതിരോധശക്തി വർദ്ധിപ്പിക്കും. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിച്ച് നിശാന്ധതയും കണ്ണുകളുടെ വരൾച്ചയും പരിഹരിക്കും. ചൂടുകാലത്ത് മൂത്രത്തിന്റെ ഉത്പാദനം കുറഞ്ഞ് കിഡ്നിയിൽ മാലിന്യം അടിയുന്നതിനെ പ്രതിരോധിക്കാൻ പച്ചമാങ്ങാ ജ്യൂസ് കഴിക്കുക.