തിരുവനന്തപുരം: കേരളകോൺഗ്രസ് (എം)ലെ ലോക്സഭാ സീറ്റ് തർക്കം മുറുകുന്നതിനിടെ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ ജഗതിയിലുള്ള ഉമ്മൻചാണ്ടിയുടെ വീട്ടിൽ പി.ജെ. ജോസഫും, മോൻസ് ജോസഫും എത്തിയത്. നേതാക്കൾ തമ്മിൽ തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്.
മാണിയുമായി ഇടഞ്ഞു നിൽക്കുന്ന ജോസഫിനെ യു.ഡി.എഫിൽ പിടിച്ചു നിറുത്താനുള്ള ശ്രമം ഇന്നലെ മുതൽ കോൺഗ്രസിനുള്ളിൽ നടക്കുന്നുണ്ട്. മാണിയെക്കാളും ജോസഫിനെ തന്നെയാണ് കോൺഗ്രസിനും താൽപര്യം. പാർട്ടി പിളർത്തിയാൽ കൂറുമാറ്റ നിയമത്തിൽ കുടുങ്ങി എം.എൽ.എ സ്ഥാനം ജോസഫിന് നഷ്‌ടമാകും. അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണം.
ഇടുക്കിയിൽ മത്സരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും കോൺഗ്രസ് സീറ്റ് വിട്ട് കൊടുക്കാൻ സാദ്ധ്യതയില്ല. ഒറ്റയ്‌ക്ക് മത്സരിച്ചാൽ ജയസാദ്ധ്യതയുമില്ല. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി തോമസം ചാഴിക്കാടന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച് എല്ലാ അവഗണനയും സഹിച്ച് പാർട്ടിയിൽ തുടരുകയെന്ന വഴിയും ജോസഫിന് സ്വീകാര്യമാകില്ല. ഈ സാഹചര്യത്തിൽ ജോസഫിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ രംഗം.