baby

തൃശൂർ: ഓട്ടുകമ്പനിയിലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ചു. സംഭവം അറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കമ്പനി ഉടമ തടയുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. തൃശൂർ ആമ്പല്ലൂർ ചിറ്റിശേരിയിലായിരുന്നു സംഭവം.

യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ച് അടിയന്തര സഹായം നൽകണമെന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ കമ്പനി ഉടമ എതിർത്തു. ഇവരെ തൊഴിൽ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കിൽ രേഖാമൂലം കത്ത് നൽകണമെന്ന് കമ്പനി ഉടമ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിയ ആംബുലൻസിന്റെ താക്കോൽ ഇയാൾ എടുത്ത് മാറ്റുകയും ചെയ്തു. എന്നാൽ അടിയന്തിര സാഹചര്യത്തിൽ ചികിത്സ നൽകണമെന്ന് പറഞ്ഞ വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ ഇയാൾ അസഭ്യവർഷം നടത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രശ്‌നം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പൊലീസിനെ വിളിക്കുകയായിരുന്നു. ശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മതിയായ രേഖകൾ ഇല്ലാതെയാണ് ഇയാൾ ഗർഭിണിയായ യുവതിയെ കമ്പനിയിൽ താമസിപ്പിച്ചതെന്നും യഥാസമയം തൊഴിലാളിക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിൽ തൊഴിലുടമ വീഴ്ച വരുത്തിയെന്നും നെന്മണിക്കര ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി.