crime

പൊള്ളാച്ചി : സഹോദരനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ തമിഴ്നാട് പൊലീസ് കണ്ടെത്തിയത് സ്ത്രീകളെ പീഡിപ്പിച്ച് ബ്ളാക്ക്‌മെയിൽ ചെയ്ത് പണം തട്ടുന്ന വൻ സംഘത്തെ. കഴിഞ്ഞ ഏഴു വർഷമായി ഈ സംഘം നൂറോളം സ്ത്രീകളെ ഇത്തരത്തിൽ ബ്ളാക്‌മെയിൽ ചെയ്ത് പണം തട്ടുന്നതായി പൊലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന് സംഘം തുടക്കമിടുന്നത്. പിന്നീട് സൗഹൃദം പ്രണയമായിമാറുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈവശപ്പെടുത്തി ബ്ളാക്ക്‌മെയിൽ ചെയ്ത് പണം സമ്പാദിക്കുകയുമാണ് സംഘത്തിന്റെ രീതി.

സംഘത്തെ പുറത്ത് കൊണ്ട് വന്നത് കോളേജ് വിദ്യാർത്ഥിനി
പൊള്ളാച്ചി സ്വദേശിനിയായ പെൺകുട്ടി കാണിച്ച ധൈര്യമാണ് ഈ റാക്കറ്റിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഇതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞതും. വ്യാജ പ്രൊഫൈലിലൂടെ സൗഹൃദം സ്ഥാപിച്ച് തന്നെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും, കാറിൽ കയറ്റി പോകുന്ന വഴിയിൽ നിന്നും മറ്റ് മൂന്ന് പേർ കൂടികയറി ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നുമാണ് പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നത്. പീഡിപ്പിക്കാൻ ശ്രമിച്ച സമയത്ത് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതിന് ശേഷം പെൺകുട്ടിയെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. എന്നാൽ സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി തന്റെ സഹോദരനോട് പറയുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുന്നാവക്കരശൻ, വസന്തകുമാർ, ശബരിരാജൻ, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ തിരുന്നാവക്കരശനാണ് പെൺകുട്ടിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.

crime

പ്രതികളെ ചോദ്യം ചെയ്തപ്പോൾ തമിഴ്നാട് ഞെട്ടി

പിടിയിലായ നാല് പ്രതികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഏഴു വർഷമായി നൂറിലധികം സ്ത്രീകൾ സംഘത്തിന്റെ കെണിയിൽ വീണതായി മനസിലാക്കിയത്. ഇതിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും, അദ്ധ്യാപികമാരും ഡോക്ടർമാർവരെ ഉൾപ്പെട്ടിരുന്നു. ഇവരുടെ പക്കൽ നിന്നും പിടികൂടിയ മൊബൈൽഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടായിരുന്നു. ചതിയിൽ പെട്ട സ്ത്രീകളുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെങ്കിലും ആദ്യം പരാതി നൽകിയ പെൺകുട്ടിയൊഴികെ മറ്റാരും പ്രതികൾക്കെതിരെ പരസ്യമായി പരാതി നൽകാൻ ഇത് വരെ തയ്യാറായിട്ടില്ല. ഇത് പൊലീസിനെ കുഴക്കുന്നുണ്ട്.

അതേ സമയം പീഡനക്കേസിലെ പ്രതികൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുവെന്ന് ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. അണ്ണാ ഡി.എം.കെയിലെ ഒരു മന്ത്രിയുടെയും എം.എൽ.എയുടെയും മകന് ഇതിൽ പങ്കുള്ളതായി ഇതിനകം വാർത്തകൾ പുറത്ത് വരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

അറസ്റ്റിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വിവരങ്ങൾ മനസിലാക്കി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് ശ്രമം. കഴിഞ്ഞ വർഷങ്ങളിൽ പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകളിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വിവരങ്ങൾ പൊലീസ് ഇതിനായി ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.