vellappally-tushar

കൊല്ലം: ശശി തരൂർ എം.പി മണ്ഡലത്തിലെ ജനങ്ങളുടെ കാര്യങ്ങൾ നോക്കിയില്ലെന്നും ജന ഹൃദയങ്ങളിൽ ഇടം പിടിച്ചത് കുമ്മനവും, ദിവാകരനുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡ‍ി.പി യോഗം ഭാരവാഹികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ താൻ പ്രചാരണത്തിനിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ ഇറങ്ങുന്നവർ യോഗം ഭാരവാഹിത്വം രാജിവയ്‌ക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

താൻ ആർക്ക് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല. തിരുവനന്തപുരത്ത് ശശി തരൂരിന് മൈനസ് പോയിന്റുണ്ട്. മണ്ഡലത്തിലെ കാര്യങ്ങൾ തരൂർ നോക്കിയില്ല. പഠിപ്പും വിവരവുമുള്ളതിനാൽ ഉയർന്ന ജാതിക്കാർ തരൂരിനെ പിന്തുണക്കും. പക്ഷേ ജനഹൃദയങ്ങളിൽ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണ്. തിരുവനന്തപുരത്തെ ഫലം അപ്രവചനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയിൽ അടൂൽ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണ്. അടൂർ പ്രകാശിനെ തോൽപിക്കാനാണ് കൊണ്ടുവരുന്നത്. അത് അദ്ദേഹം മനസ്സിലാക്കണം. അടൂർ പ്രകാശ് മത്സരിച്ചാലും സഹായിക്കില്ല. ആരിഫ് ജനകീയനാണ്. ആലപ്പുഴയിൽ ആരിഫിന്റെ ജയം ഉറപ്പാണ്. എണ്ണേണ്ടി വരില്ല. ആരിഫ് ജയിച്ചില്ലെങ്കിൽ തല മുണ്ഡനം ചെയ്‌ത് കാശിക്ക് പോകും. കെ.സി വേണുഗോപാലാണ് മത്സരിക്കുന്നതെങ്കില്‍ ആറ് നിലയിൽപൊട്ടും. തോൽക്കുമെന്ന് ഉറപ്പായതിനാലാണ് വേണുഗോപാൽ പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.