'അച്ഛാ എനിക്ക് ഒരുപാട് സന്തോഷമായി. എന്തെന്നാൽ നിങ്ങൾ വീണ്ടും ലൈറ്റിനും കലാകാരന്മാർക്കും സാങ്കേതിക വിദഗ്‌ദരാലും ചുറ്റപ്പെട്ടിരിക്കുന്നു. എന്നും നിങ്ങളെ ഇങ്ങനെ തന്നെ കാണാൻ ആഗ്രഹിക്കുന്നു അച്ഛാ....'ഒരു മകൻ തന്റെ അച്ഛനോട് പറഞ്ഞ വാക്കുകളാണിത്. ഇനി ഈ മകനും അച്ഛനും ആരാണെന്നല്ലേ? മലയാളത്തിന്റെ പ്രിയനടനും എം.പിയുമായ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും.
സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം പങ്കുവച്ചത്. ഗോകുൽ പറഞ്ഞത് തന്നെ ഒരുപാട് സ്പർശിച്ചുവെന്നും, പക്ഷ തന്റെ ഉത്തരവാദിത്തങ്ങളെം കുറിച്ച് ഏറെ ബോധവാനാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും തനിക്ക് അത് നിറവേറ്റിയേ മതിയാകൂവെന്നും സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
മക്കൾക്കൊപ്പം തന്റെ പുതിയ തമിഴ് ചിത്രമായ തമിഴരശന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ഒരു ഡോക്‌ടറുടെ വേഷത്തിലാണ് സുരേഷ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. 'ദാസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരൻ ഒരുക്കുന്ന 'തമിഴരശൻ' ഒരു ആക്ഷൻ എന്റർടെയിനർ ആണ്. ആർ.ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എസ് എൻ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക.