police

തിരൂർ: സി.പി.എം മാർച്ച് തടഞ്ഞ എസ്.ഐയെ പ്രവർത്തകൻ കരണത്തടിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ സി.പി.എം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രവർത്തകർ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയതോടെ പൊലീസ് മാർച്ച് തടയുകയായിരുന്നു.

ഇതിനെ തുടർന്ന് പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷത്തിലാവുകയായിരുന്നു. മുതിർന്ന നേതാക്കന്മാർ പ്രശ്‌നം പരിഹരിക്കാനായി ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ പ്രവർത്തകൻ പ്രകോപനം സൃഷ്ടിക്കാതെ സംസാരിച്ചു കൊണ്ട് നിന്ന എസ്.ഐ ഗോപാലന്റ കരണത്ത് അടിക്കുകയായിരുന്നു. ഇയാൾ വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരും പാർട്ടി നേതാക്കളും ചേർന്ന് യുവാവിനെ പിടിച്ചുമാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ പ്രവർത്തകൻ സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

അടുത്തിടെ സമാനമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ ഒരു സി.പി.എം,​ ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.