-modi-jackets

ഔ‌റംഗാബാദ്: 2014ലെ തിരഞ്ഞെടുപ്പിൽ വൻ പ്രചാരം നേടിയ "മോദി ജാക്കറ്റി"ന് ഇപ്പോൾ പ്രചാരണം കുറഞ്ഞതായി മഹാരാഷ്ട്രയിലെ ഔ‌റംഗാബാദിലെ വ്യാപാരികൾ പറ‌ഞ്ഞു. ഹാഫ് സ്ലീവ് കോട്ടെന്നറിയപ്പെടുന്ന "മോദി ജാക്കറ്റ്" ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്ന് എന്ന നിലയിലേക്കു കച്ചവടം താണുവെന്ന് വ്യാപാരികൾ പറയുന്നു.

സംസ്ഥാനത്തെ കാർഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജി.എ.സ്‌.ടി തുടങ്ങിയവ വിൽപനയെ പ്രതികൂലമായി ബാധിച്ചെന്നും മറ്റൊരു വ്യാപാരി പറഞ്ഞു. ഗുൽമണ്ടി, തിലക് പാത്ത്, ഔറംഗുപുര, സറാഫ, ഓസ്‌മപുര, സിഡ്കോ മേഖലകളിലെ നിരവധി കച്ചവടക്കാർ സമാന പ്രതിധ്വനികളെ അഭിമുഖീകരിക്കുന്നതായി ഇവർ പറഞ്ഞു.

"ഞാൻ ഇപ്പോൾ പ്രതിസന്ധിയിലാണ്.വലിയൊരു തുക മോദി ജാക്കിനായി മുടക്കിയിരുന്നു. ഇതൊന്നും ഇതുവരെ വിറ്റുപോയില്ല. ലാഭവും ലഭിച്ചില്ലെന്നും" ഔ‌റംഗാബാദിലെ വസ്ത്രവ്യാപാരി പറഞ്ഞു. ഇപ്പോൾ ചൂടുകാലമായത് കൊണ്ട് ഖാദി, ലിനൻ, പരുത്തി ഷർട്ടുകൾ എന്നിവയിൽ ആളുകൾ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുവെന്നും കച്ചവടക്കാർ പറയുന്നു.

നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണ് പലരും. അതേസമയം,തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോൾ വിൽപന ഉയർന്നേക്കുമെന്ന പ്രതീക്ഷയിലാണ് ഇവ‌ർ.