തിരുവനന്തപുരം : ദീർഘദൂര കെ.എസ്.ആർ.ടി ബസുകളിലെ സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റുകൾ അവർ ആവശ്യപ്പെട്ടാലും ഒഴിഞ്ഞുകൊടുക്കേണ്ടതില്ലെന്ന തരത്തിൽ
ഫേസ്ബുക്കിൽ നിരവധി പോസ്റ്റുകൾ കാണാറുണ്ട്. എന്നാൽ ഇത്തരം പോസ്റ്റിന്റെ ബലത്തിൽ സ്ത്രീകൾക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ യാത്ര ചെയ്യുന്ന പുരുഷൻമാർ സീറ്റ് ആവശ്യപ്പെടുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയോ അവരെ വഴക്ക് പറയുകയോ ചെയ്താൽ പിന്നീട് യാത്ര പൊലീസ് വണ്ടിയിൽ സ്റ്റേഷനിലേക്കായിരിക്കും എന്ന് ഓർത്തിരിക്കുക.
കെ.എസ്.ആർ.ടിയിൽ ദീർഘദൂര സർവീസുകളിൽ മുൻനിരയിൽ വലത് വശത്തായി അഞ്ച് വരികളിലായി പതിനഞ്ച് സ്ത്രീകൾക്കാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ നിരയൊഴിച്ചുള്ള സീറ്റുകൾ ബസ് പുറപ്പെടുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെയാർക്കും ഇരിക്കാമെന്ന രീതിയിലാണ് വ്യാജ വാർത്തകൾ വരുന്നത്. യാത്രയ്ക്കിടെ മറ്റ് സ്റ്റോപ്പുകളിൽ നിന്നും കയറുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും ഒഴിയേണ്ട ആവശ്യം പുരുഷൻമാർക്ക് ഇല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യാജൻമാർ പടച്ച് വിടുന്നുണ്ട്.
എന്നാൽ, സ്ത്രീകൾക്കായി മുൻഗണന നൽകി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ സ്ത്രീയാത്രക്കാരുടെ അഭാവത്തിൽ പുരുഷൻമാർക്ക് യാത്ര ചെയ്യാമെന്നും എന്നാൽ പിന്നീട് സ്ത്രീകൾ കയറി സീറ്റ് ആവശ്യപ്പെട്ടാൻ സീറ്റ് ഒഴിഞ്ഞ് നൽകണമെന്നുമാണ് കെ.എസ്. ആർ.ടി.സി അധികാരികൾ പറയുന്നത്: ബസുകളിലെ 25ശതമാനം സീറ്റുകളാണ് സ്ത്രീയാത്രക്കാർക്കായി സംവരണം ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ സീറ്റ് ലഭിക്കാതെ പരാതിയുമായി മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചാൽ പിഴ ഈടാക്കാനും സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ ക്രിമിനൽ നടപടികൾക്ക് സ്വീകരിക്കാനും കഴിയും. ചുരുക്കത്തിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റുമായി ബസിൽ തർക്കിക്കാൻ ശ്രമിച്ചാൽ പൊലീസ് സ്റ്റേഷനിൽ കയറാമെന്ന് ചുരുക്കം.