തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ഒരു സംഘം തളിയിൽ അരശുമൂട് നിന്ന് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന.
ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസിലാകുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. തമ്പാനൂർ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികെയാണ് യുവാവിനെ മരിച്ച നിലയിൽ കരമനയിൽ നിന്നും കണ്ടെത്തുന്നത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.