
പൂനെ: ദമ്പതികൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയുടെ വിരൽ തല്ലിയൊടിച്ചു. വ്യവസായിയായ ആസിഫ് സത്താർ നയാബ് ആണ് തന്റെ ഭാര്യയുടെ വിരൽ തല്ലിയൊടിച്ചത്. തന്നേക്കാൾ പ്രാധാന്യം പാക് സീരിയലിന് നൽകുന്നു എന്ന് തോന്നിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പൂനെയിലായിരുന്നു സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ മകനോട് വീട്ടിലേക്ക് പാൽ വാങ്ങി വരാൻ ആസിഫിന്റെ ഭാര്യ ആവശ്യപ്പെട്ടു. മകൻ വീട്ടിലെത്തിയപ്പോൾ പായ്ക്കറ്റ് പൊട്ടി പാൽ പുറത്തേക്ക് ഒഴുകുന്നത് കണ്ട് ഇവർ മകനെ ഉച്ചത്തിൽ വഴക്ക് പറയുകയും ചെയ്തു. ഇത്കേട്ട് സംഭവത്തിൽ ആസിഫ് ഇടപെട്ടതോടെ വാക്കുതർക്കം രൂക്ഷമാവുകയും ചെയ്തിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആസിഫിനെ കണ്ടതോടെ ഭാര്യ മൊബൈലുമായി മുറിയിലേക്ക് കയറി പോവുകയായിരുന്നു. പ്രശ്നം പരിഹരിക്കാനായി ആസിഫ് മുറിയിലെത്തി ഇവരോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മൊബൈലിൽ ഒരു പാക് സീരിയൽ കണ്ടു കൊണ്ടിരുന്നതിനാൽ ഭർത്താവ് പറയുന്നതൊന്നും ഇവർ ഗൗനിച്ചിരുന്നില്ല.
താൻ ഇത്രയേറെ സംസാരിച്ചിട്ടും ഭാര്യ അത് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതാണ് ആസിഫിനെ പ്രകോപിതനാക്കിയത്. തുടർന്ന് ആസിഫ് ഒരു കത്തിയുമായി ഭാര്യയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെയാണ് ഇവരുടെ വലതു കൈയിലെ വിരൽ ഒടിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടിൽ ശബ്ദം ഉയർന്നു കേട്ടതിനെ തുടർന്ന് എത്തിയ അയൽക്കാരാണ് ആസിഫിന്റെ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയുടെ പരാതിയെ തുടർന്ന് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.