cheating

കൊല്ലം: ഡോക്ടർ ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ യുവതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മുൻപ് രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ യുവതി ആദ്യ വിവാഹമെന്ന തരത്തിലാണ് സൈനികനെ കബളിപ്പിച്ചത്. സൈനികന്റെ പക്കൽ നിന്നും പണവും തട്ടി. അഞ്ചൽ കരവാളൂർ സ്വദേശിനി റീനയ്‌ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇവർ ഒളിവിലാണ്. റീനയുടെ മെഡിക്കൽ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ലസ്ടുവും ബ്യൂട്ടീഷ്യൻ കോഴ്സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവർക്ക് കരവാളൂരിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

അനാഥയെന്ന് പരിചയപ്പെടുത്തി

തന്റെ പേര് അനാമിക എന്നാണെന്നാണ് കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികൻ പ്രദീപിനോട് റീന പറഞ്ഞിരുന്നത്. അനാഥയാണെന്നും ഡോക്ടറാണെന്നും പ്രദീപിനെ ധരിപ്പിച്ചു. ഇവർ തമ്മിൽ അടുപ്പത്തിലാവുകയും പിന്നീട് 2014ൽ വിവാഹത്തിലെത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ചെന്നൈയിലേക്ക് റീന പോയി. റെയിൽവേയിൽ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭർതൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭർതൃ ഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നിൽ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയിൽവേ ഹോസ്പിറ്റൽ, ചെന്നൈ എന്ന ബോർഡും വച്ചു. െ്രസ്രതസ്‌കോപ്പ് ഉൾപ്പടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടിൽ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളെ പരിശോധനയും നടത്തിവന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി പ്രദീപിൽ നിന്നും റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്. പ്രദീപിന്റെ ഇളയച്ഛന്റെ മകന് റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്ന് റീന ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനിൽ നിന്നും കൈപ്പറ്റി.

ഭർതൃ മാതാവിന്റെ മരണത്തിൽ ദുരൂഹത

പ്രദീപിന്റെ വീട്ടിൽ റീനയെ കൂടാതെ പ്രദീപിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30 ഓടെ വീട്ടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃദേഹം ദഹിപ്പിച്ചത്. പിന്നീട് റീനയുടെ മുറിയിൽ നിന്നും ഇൻസുലിൽ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോൾ ബന്ധുക്കൾക്ക് നേരിയ സംശയം തോന്നി. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തപ്പോഴാണ് അമ്മയുടെ മരണത്തിൽ സംശയം ബലപ്പെട്ടത്. ഈ വിഷയം ചൂണ്ടിക്കാട്ടി കൊട്ടാരക്കര പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ മൃദേഹം ദഹിപ്പിച്ചതിനാൽ കൂടുതൽ അന്വേഷണത്തിന് സാദ്ധ്യതയില്ല. റീനയെ കസ്റ്റഡിയിൽ എടുത്തശേഷം മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ആദ്യ രാത്രിയിൽ സംശയം

അനാമികയുടെ(റീന) ആദ്യ വിവാഹമെന്ന ധാരണയിലാണ് പ്രദീപ് വിവാഹം ചെയ്തത്. അനാഥയെ വിവാഹം ചെയ്യുന്നതിനോട് ബന്ധുക്കൾക്ക് ചില്ലറ എതിർപ്പുണ്ടായിരുന്നെങ്കിലും അത് കാര്യമായി എടുത്തില്ല. ആദ്യ രാത്രിയിൽ റീനയുടെ അടിവയറ്റിൽ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തി. മുൻപ് രണ്ട് തവണ സിസേറിയൻ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാൽ അപ്പന്റൈറ്റിസിന് ഓപ്പറേഷൻ നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു.

റെയിൽവേ ടിക്കറ്റ്

റീനയുടെ ബാഗിൽ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ച റെയിൽവേ റിസർവേഷൻ ടിക്കറ്റാണ് സംശയങ്ങൾക്ക് ആക്കംകൂട്ടിയത്. ഇതിൽ കരവാളൂരിലെ വിലാസവും റീന ശാമുവേൽ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് ഒർജിനലെന്നും ബോദ്ധ്യപ്പെട്ടത്. മുൻപ് രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതിൽ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ പ്രദീപിന്റെ ബന്ധുക്കൾ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറൽ എസ്.പിയ്ക്ക് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേയിൽ ഇത്തരത്തിൽ ഒരാൾ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് റീനയ്‌ക്കെതിരെ കേസെടുത്തു. കൊട്ടാരക്കര ഡിവൈ.എസ്.പി ദിൽരാജിനാണ് അന്വേഷണ ചുമതല.