ഏപ്രിൽ - മേയ് മാസങ്ങളിൽ നടക്കാൻ പോകുന്ന 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കോ മുന്നണിയ്ക്കോ ഒറ്രയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലാ എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. കോൺഗ്രസിന് നൂറിൽപ്പരം സീറ്റും ബി.ജെ.പിക്ക് 200 നോട് അടുപ്പിച്ച് സീറ്രുകളുമാണ് മിക്ക സർവെകളും നൽകുന്നത്. ബാക്കി സീറ്രുകൾ വിവിധ പ്രാദേശിക പാർട്ടികൾ വീതിച്ചെടുക്കും. അതായത് തിരഞ്ഞെടുപ്പ് വിജയിച്ച് സർക്കാർ രൂപീകരിക്കാൻ ദേശീയവും പ്രാദേശീയവുമായ തലങ്ങളിൽ മുന്നണി രൂപീകരിച്ച് സഖ്യത്തിൽ മത്സരിച്ചാൽ മാത്രമേ സാധിക്കൂ.
മുന്നണി പ്രതിസന്ധി
ഇന്ത്യ ഒരു ബഹുകക്ഷി രാഷ്ട്രീയ സംവിധാനമാണ്. ആശയപരമായ ഐക്യം, അധികാര തത്പരത, എന്നിവയിലൂന്നിയുള്ള രണ്ടുതരം മുന്നണി രാഷ്ട്രീയമാണ് ബഹുകക്ഷി സംവിധാനത്തിൽ കാണാറുള്ളത്. ആശയപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന സഖ്യമാണ് രാഷ്ട്രീയസ്ഥിരതയും സത്ഭരണവും കാഴ്ചവയ്ക്കുന്നത്. ഇത്തരം മുന്നണികൾ തിരഞ്ഞെടുപ്പിന് മുൻപേ രൂപംകൊള്ളേണ്ടതാണ്. അധികാരം മാത്രം ലക്ഷ്യമാക്കിയുള്ള മുന്നണികൾക്ക് ആശയപരമായ യോജിപ്പ് ഉണ്ടാവില്ല. അവ അസ്ഥിരതയ്ക്കും ദുർഭരണത്തിനും കാരണമാകും. ബഹുകക്ഷി സമ്പ്രദായമായ ഇന്ത്യയിൽ മുന്നണി രാഷ്ട്രീയം സംബന്ധിച്ച അനിശ്ചിതത്വത്തിനുള്ള പ്രധാനകാരണം എല്ലാ മുന്നണികളും അധികാര രാഷ്ട്രീയം പിന്തുടരുന്നു എന്നതാണ്. ഒരു പൊതുമിനിമം പരിപാടിയോ പ്രകടനപത്രികയോ സൃഷ്ടിക്കാൻ ഇവർക്ക് കഴിയില്ല. ഇപ്പോൾ എൻ.ഡി.എയിലും യു.പി.എയിലുമുള്ള പല കക്ഷികളും ആശയപരമായി ബി.ജെ.പിയോടും കോൺഗ്രസിനോടും യോജിക്കാത്തവരാണ്. ഈ വൈരുദ്ധ്യമാണ് ആരോഗ്യപരമായ മുന്നണി രാഷ്ട്രീയവും അതിനാൽത്തന്നെ ഇന്ത്യൻ രാഷ്ട്രീയവും നേരിടുന്ന വലിയൊരു വെല്ലുവിളി.
മഹാസഖ്യം പാതിവഴിയിൽ
ബി.ജെ.പിക്കെതിരെ മഹാസഖ്യമുണ്ടാക്കി പ്രവർത്തിക്കുമെന്ന് അവകാശമുന്നയിക്കാൻ യു.പി.എ തുടങ്ങിയിട്ട് കുറേക്കാലമായി. ഉത്തർപ്രദേശ്, അസം, ഡൽഹി, മദ്ധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നിലും തന്നെ സഖ്യം രൂപീകരിക്കാൻ യു.പി.എയ്ക്ക് കഴിഞ്ഞിട്ടില്ല. യു.പിയിൽ എസ്.പി- ബി.എസ്.പി യുമായി സഖ്യചർച്ച എങ്ങുമെത്തിയിട്ടില്ല. നിലവിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യമാണുള്ളത്. ഇത് അവിടെ കാര്യങ്ങൾ ബി.ജെ.പിക്ക് കുറേയെങ്കിലും അനുകൂലമാക്കും. ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പോരടിക്കുന്നത് ബി.ജെ.പിക്ക് വൻനേട്ടമാകും. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും മഹാസഖ്യ കക്ഷികൾ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
മഹാരാഷ്ട്രയിൽ എൻ.സി.പിയും കോൺഗ്രസും സഖ്യത്തിലാണെങ്കിലും മറ്റ് ചെറുപാർട്ടികൾ പിണങ്ങി നിൽക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ ബി.ജെ.പിയുമായി ഇടഞ്ഞ് നിന്ന അസം ഗണപരിഷത്തും ബി.ജെ.പിക്കൊപ്പം ചേർന്നുകഴിഞ്ഞു. കർണാടകം, തമിഴ്നാട്, ബീഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണ് മഹാസഖ്യം നിലവിൽ വന്നിട്ടുള്ളത്. അവിടെയും സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. തെലങ്കാന, ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രബലരുമായി യു.പി.എയ്ക്ക് ഒരു ബന്ധവും ഇല്ല.
മഹാസഖ്യം നേരിടുന്ന ഈ പ്രതിസന്ധിക്ക് പലകാരണങ്ങളുണ്ട്. ഒന്ന്, മഹാസഖ്യത്തിലെ മിക്ക പാർട്ടികളും കോൺഗ്രസ് വിരുദ്ധതയിൽ ഊന്നിയുള്ളവയാണ്. അതായത് ആശയപരമായ ഒരു യോജിപ്പും ഇവർ തമ്മിലില്ല. ബി.എസ്.പി, എസ്.പി, തൃണമൂൽ കോൺഗ്രസ്, തെലുങ്കുദേശം, ഇടതുകക്ഷികൾ തുടങ്ങിയവ അടിസ്ഥാനപരമായി കോൺഗ്രസ് വിരുദ്ധ പാർട്ടികളാണ്. രണ്ട്, മഹാസഖ്യകക്ഷികളുടെ കടുംപിടുത്തം. യു.പിയിൽ മായാവതി കോൺഗ്രസുമായി ഒരുവിധ ധാരണയ്ക്കും തയാറല്ല എന്നതാണ് സഖ്യത്തിന് തടസമാകുന്നത്. ഇതേ നാണയത്തിൽ എംപിയിലും രാജസ്ഥാനിലും കോൺഗ്രസ് മായാവതിയോട് വാശി കാണിക്കുന്നു. ഡൽഹിയിൽ കോൺഗ്രസിന്റെ കടുംപിടുത്തമാണ് ആം ആദ്മി പാർട്ടിയുമായി പോരാട്ടത്തിലേക്ക് നയിച്ചത്.
ബി.ജെ.പി ആവശ്യത്തിലധികം വിട്ടുവീഴ്ച ചെയ്ത് മഹാരാഷ്ട്രയിൽ ശിവസേനയെയും ബീഹാറിൽ ജനതാദളിനെയും തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെയെയും കൂടെക്കൂട്ടിയപ്പോൾ കോൺഗ്രസ് അത്തരം വിട്ടുവീഴ്ച ചെയ്യാതിരുന്നതിന് വലിയ വില നൽകേണ്ടി വരും. മൂന്ന്, കോൺഗ്രസിന്റെയും യു.പി.എയുടേയും ഘടനയിലെയും തന്ത്രനിർവഹണത്തിന്റെയും അഭാവം. ഘടനാപരമായ രൂപമോ പൊതുമിനിമം പരിപാടി രൂപീകരിക്കാനോ മഹാസഖ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മഹാസഖ്യത്തിലെ 21 പാർട്ടികളും പൊതുവായി അംഗീകരിക്കുന്ന നേതാവില്ല. രാഹുലിനെപ്പോലെ മായാവതിയും മമതയും പ്രധാനമന്ത്രിപദം ആഗ്രഹിക്കുന്നവരാണ്. ആരാണ് സഖ്യരൂപീകരണത്തിന് നേതൃത്വം വഹിക്കേണ്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. കൂടാതെ ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുന്നതെങ്ങനെ എന്ന ചോദ്യമാണ് കോൺഗ്രസ് നേരിടുന്നത്. സ്വന്തം ദൗർബല്യം മനസിലാക്കി വിട്ടുവീഴ്ചകളും തന്ത്രപരമായ നേതൃത്വവും നൽകാൻ കോൺഗ്രസിന് കഴിയുന്നില്ല.
ഒരുപടി മുന്നിൽ എൻ.ഡി.എ.
തെലുങ്കുദേശം പാർട്ടി മുന്നണി വിട്ടുപോയങ്കിലും പുതിയവയെ കൂടെക്കൂട്ടിയും നിലവിലുള്ളവയുടെ പരിഭവം പരിഹരിച്ചും എൻ.ഡി.എ ചിട്ടയോടെയാണ് പ്രവർത്തിക്കുന്നത്. കാര്യമായ വിട്ടുവീഴ്ചയും രാഷ്ട്രീയ തന്ത്രജ്ഞതയും കാട്ടിയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ പിരിഞ്ഞുപോകുമെന്ന് കരുതിയ ശിവസേനയെ കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റ് അധികം നൽകിയാണ് കൂടെനിറുത്തിയിരിക്കുന്നത്. ബീഹാറിൽ ജനതാദൾ യുണൈറ്രഡിനെ കൂടെനിറുത്തുന്നതും വിട്ടുവീഴ്ച ചെയ്തുതന്നെയാണ്. തമിഴ്നാട്ടിൽ എ.ഐ.ഡി.എം.കെ, വിജയകാന്തിന്റെ ഡി.എം.ഡി.കെ ഉൾപ്പെടുന്ന സഖ്യം ഏതാനും സീറ്റുകളെങ്കിലും നേടും. ബി.ജെ.പി അഞ്ച് സീറ്രുകളിൽ മാത്രമാണ് ഇവിടെ മത്സരിക്കുന്നത്. കൂടാതെ പരസ്പരം പോരടിക്കുന്നു എങ്കിലും തെലങ്കാന, ആന്ധ്ര, ഒറീസ എന്നിവിടങ്ങളിലെ പ്രബല പാർട്ടികളുമായി തിരഞ്ഞെടുപ്പിന് ശേഷമുള്ള പിന്തുണ ലക്ഷ്യമാക്കി ധാരണയിലാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാനുള്ള ബി.ജെ.പിയുടെ ' കരുതൽ ശേഖരമാണ് ' ഈ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾക്ക് ലഭിക്കുന്ന സീറ്റുകൾ. ബി.ജെ.പിയുടെ സംഘടനാ വൈഭവവും നേതൃത്വപരമായ കാര്യനിർവണവും രാഷ്ട്രീയ തന്ത്രജ്ഞതയുമാണ് ഇത് സാദ്ധ്യമാക്കുന്നത്.
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യരൂപീകരണത്തിലെ മികവ് ജയപരാജയങ്ങളെ വളരെ സ്വാധീനിക്കും. കൂടുതൽ സ്ഥലങ്ങളിൽ സഖ്യത്തിലും സീറ്റുധാരണയിലും എത്തിച്ചേരാൻ സാധിക്കുന്നില്ലെങ്കിൽ മഹാസഖ്യം മഹാ പരാജയമായിരിക്കും. അതുപോലെ പ്രാധാന്യമർഹിക്കുന്നതാണ് മഹാസഖ്യത്തിന് തിരഞ്ഞെടുപ്പിന് മുൻപ് ഒരു പൊതുമിനിമം പരിപാടിയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് മുൻപ് രൂപപ്പെടുന്ന അത്തരമൊരു മുന്നണി സംവിധാനത്തിന് പിന്നീട് ഉണ്ടാകാൻ സാദ്ധ്യതയുള്ള തൂക്കുസഭാ സാഹചര്യങ്ങളിൽ വളരെ പ്രാധാന്യമുണ്ടാകും. എൻ.ഡി.എയ്ക്ക് ഈ ആനുകൂല്യം ഇപ്പോൾത്തന്നെ ഉണ്ടെന്നതാണ് അവരെ ശക്തരാക്കുന്നത്. ചുരുക്കത്തിൽ മുന്നണി രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും മറുതന്ത്രങ്ങളും ആയിരിക്കും ഈ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയും അന്തിമ വിജയിയെയും തീരുമാനിക്കുക.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)