വെല്ലിംഗ്ടൺ : ആട്ടിറച്ചികഴിക്കണമെന്ന മോഹവുമായി സൂപ്പർമാർക്കറ്റിൽ കയറിയ നിമിഷത്തെ ശപിക്കുകയാണ് ന്യൂസിലാന്റിലെ ഇന്ത്യൻ വംശജനായ ഒരു ബാർബർ. ജസ്വിന്ദർ പോളെന്ന ഇന്ത്യൻ വംശജനാണ് സൂപ്പർമാർക്കറ്റിൽ നിന്നും
മട്ടനെന്ന് കരുതി ബീഫ് വാങ്ങിയത്. ശരിക്കും ജസ്വിന്ദർ പോളിന് തെറ്റ് പറ്റിയതായിരുന്നില്ല, സൂപ്പർമാർക്കറ്റിൽ ആട്ടിറച്ചിയുടെ സ്റ്റിക്കർ മാറി ബീഫ് പാക്കറ്റിന് മുകളിൽ പതിച്ചതാണ് അമളി പറ്റാൻ കാരണം. പശുവിറച്ചിയാണെന്നറിയാതെ വീട്ടിൽ കൊണ്ട് പോയി പാചകം ചെയ്ത് കഴിച്ചപ്പോഴാണ് താൻ വലിയ പാപം ചെയ്തുവെന്ന സത്യം ജസ്വിന്ദറിന് മനസിലായത്. പിന്നെ ഒട്ടും അമാന്തിച്ചില്ല താൻ ഹിന്ദുവാണെന്നും പശുവിറച്ചി കഴിച്ചതിലൂടെ താൻ ചെയ്ത പാപത്തിന് ഇന്ത്യയിലെത്തി പരിഹാരം ചെയ്യണമെന്നും അതിനായുള്ള കാശ് സൂപ്പർമാർക്കറ്റ് നൽകണം എന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുയാണ് ഇദ്ദേഹം.
ഒരു മാസത്തിന് മുകളിൽ പുരോഹിതൻമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെത്തി പരിഹാര കർമ്മങ്ങൾ തനിക്ക് ചെയ്യേണ്ടതുണ്ടെന്നും, ഇന്ത്യയിൽ പോയി വരുന്നതിനായുള്ള യാത്രാക്കൂലിയും നൽകണം എന്നാവശ്യപ്പെട്ടാണ് ഇയാൾ സൂപ്പർമാർക്കറ്റ് അധികൃതരെ സമീപിച്ചിരിക്കുന്നത്. അതേസമയം തെറ്റ് പറ്റിയതിൽ ക്ഷമചോദിച്ച സൂപ്പർമാർക്കറ്റ് അധികാരികൾ
ഗിഫ്റ്റ് വൗച്ചർ നൽകുകയും അതിലൂടെ ഈ പ്രശ്നം അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലുമാണ്.