തിരുവനന്തപുരം: പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിളിച്ചു ചേർത്ത യോഗത്തിൽ തൃപ്‌തിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിള്ള. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്നും, എന്നാൽ എന്തുപറയാമെന്നതിനെ കുറിച്ച് വ്യക്തത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.
'ബി.ജെ.പി ഒരിക്കലും നിയമം ലംഘിക്കില്ല. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള അവകാശം ബി.ജെ.പിക്കുണ്ട്. എന്നാൽ മതവികാരമുണർത്തുന്ന പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ല എന്നത് വ്യക്തമായി. ബി.ജെ.പിയിലെ എല്ലാ നേതാക്കളും ലക്ഷ്‌മണ രേഖ എന്തെന്ന് നന്നായി അറിയാവുന്നവരാണ്. മുഖ്യമന്ത്രി ഇന്നലെ ബാബറി മസ്‌ജിദിനെ കുറിച്ച് പരാമർശിച്ചു. അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്, എതിർക്കാൻ ഞങ്ങൾക്കും. സർക്കാരിന്റെ നിലപാടിനെ ബി.ജെ.പി നിശിതമായി വിമർശിക്കുക തന്നെ ചെയ്യും'- ശ്രീധരൻ പിള്ള പറഞ്ഞു.