കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പ്രിയ പുത്രൻ തൈമൂർ സോഷ്യൽ മീഡിയയിലെ താരമാണ്. ഈ കുട്ടിത്താരത്തിന് കരീനയേക്കാളും സെയ്ഫിനേക്കാളും ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ തൈമൂറിനൊപ്പം താരമാകുന്ന മറ്റൊരാളുണ്ട്. തൈമൂറിന്റെ നാനി സാവിത്രി. മാതാപിതാക്കൾക്കൊപ്പം കാണുന്നതിനേക്കാൾ കൂടുതൽ സമയം തൈമൂറിനെ സാവിത്രിക്കൊപ്പമാണ് കാണാൻ കഴിയുന്നത്.
തൈമൂറിനെ ജിമ്മിലും പ്ലേസ്ക്കൂളിലുമൊക്കെ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും എല്ലാം സാവിത്രിയാണ്. പലപ്പോഴും നാനിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകർക്ക് കാണാൻ കഴിയുക. എപ്പോഴും തൈമൂറിനൊപ്പം കാണുന്നതു കൊണ്ട് ഒട്ടുമിക്ക ചിത്രങ്ങളിലും സാവിത്രിയും ഉണ്ടാവും. കരീനയുടെ അച്ഛൻ പറഞ്ഞത് പോലെ സാവിത്രിയെയും മാദ്ധ്യമങ്ങൾ താരമാക്കി എന്നതാണ് സത്യം. എന്നാൽ ഈ നാനിയുടെ മാസശമ്പളം ഈയടുത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.
തൈമൂറിന്റെ കാര്യങ്ങൾ നോക്കുന്നതിന് ഒരുമാസം ഒന്നരലക്ഷം രൂപയാണ് സാവിത്രിയുടെ ശമ്പളം. അധിക ജോലിയുള്ള മാസങ്ങളിൽ അത് ഒന്നേമുക്കാൽ ലക്ഷം രൂപവരെ എത്താറുണ്ട്. കരീനയുടെയും സെയ്ഫിന്റെയും കുടുംബത്തിലുള്ളവരാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാൽ കരീനയോ സെയ്ഫോ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. പക്ഷേ സംഭവം ശരിവയക്കുന്ന പ്രതികരണം കരീനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്.
ഒരു അഭിമുഖത്തിൽ അബ്ബാസ് ഖാന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്.
'കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് എനിക്ക് വലുത്. അതിനായി എത്ര ചെലവാക്കുന്നുവെന്നത് കണക്കാക്കില്ല. നാനിയുടെ കൈകളിൽ തൈമൂർ സന്തോഷവാനും സുരക്ഷിതനുമാണ്. അതിന് വിലയിടാനാകില്ല' കരീന വ്യക്തമാക്കി.