social-media

നൂലിൽ കെട്ടിയിറക്കിയപോലെ ഒരു ദിവസം പെട്ടെന്ന് നേതാവായി മാറുന്നവർ രാഷ്ട്രീയത്തിലുണ്ട് . എന്നാൽ സമരപാതകളിൽ കൊടിയ പൊലീസ് മർദ്ദനങ്ങൾ നേരിട്ട് രാഷ്ട്രീയത്തിൽ പടി പടിയായി ഉയർന്ന് പദവികളിലെത്തിയ നേതാക്കളെയും മിക്ക പാർട്ടികളിലും നമുക്ക് കാണാനാവും. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി. രാജീവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയ റിട്ടയേർഡ് പോലീസ് ഓഫീസറായ മാർട്ടിൻ കെ.മാത്യുവിന് അറിയാവുന്നത് പോലെ ഒരു പക്ഷേ പി. രാജീവിന്റെ സമരജീവിതം അറിയാവുന്ന ഒരാൾ അവിടെ എത്തിയിരിക്കില്ല. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരെ പോരാടി പൊലീസ് വെടിവയ്പ്പിൽ ജീവൻവെടിഞ്ഞ കൂത്തുപറമ്പ് സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ഇടങ്ങളിൽ പ്രകടനങ്ങൾ നടന്നിരുന്നു.

അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ കരിങ്കൊടി കാണിക്കുവാൻ എറണാകുളത്ത് പി.രാജീവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അന്നത്തെ സ്ഥലം സർക്കിൾ ഇൻസ്‌പെകടറായിരുന്നു ഇന്നലെ എൽ.ഡി.എഫ് കൺവെൻഷനെത്തിയ മാർട്ടിൻ കെ.മാത്യു. മുഖ്യമന്ത്രിയെ തടയാനെത്തിയ ഇടത് വിദ്യാർത്ഥി പ്രവർത്തകരെ ലാത്തിച്ചാർജിലൂടെ ഓടിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മർദ്ദനമേറ്റ രാജീവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആ ചിത്രത്തിലെ രാജീവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന പൊലീസുകാരനാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ താരമാവുന്നത്.

2006 ൽ ക്രൈം ബ്രാഞ്ച് എസ്.പിയായി റിട്ടയർ ചെയ്ത മാർട്ടിൻ കെ.മാത്യുവിന് രാജീവിനെ കുറിച്ച് പറയാൻ നല്ല വാക്കുകൾ മാത്രമേയുള്ളു. അതിനാലാണ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ട്‌പോയ കരമുയർത്തി പ്രയ നേതാവിന് അഭിവാദ്യം അർപ്പിക്കാൻ മാർട്ടിൻ എത്തിയത്. സി.എം.നാസറാണ് മാർട്ടിൻ കെ.മാത്യുവിന്റെ ഫോട്ടോ സഹിതം ഈ വിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ അറിയിക്കുന്നത്.