ചെന്നൈ : സ്റ്റെല്ലാ മേരികോളേജിലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികളെ സാക്ഷിയാക്കി രാഹുൽ ഗാന്ധി ഒരു രഹസ്യം പറഞ്ഞു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് അടുത്തെത്തി ആലിംഗനം ചെയ്തതിന് പിന്നിലെ രഹസ്യമാണ് വിദ്യാർഥിനികളുമായുള്ള സംവാദത്തിനിടെ രാഹുൽ പരസ്യമാക്കിയത്. അത് മറ്റൊന്നുമല്ലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്‌നേഹമാണ്. സ്‌നേഹം മാത്രം, അത് പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിനെ കെട്ടിപ്പിടിക്കേണ്ടി വന്നുവെന്ന് മാത്രം. ആ ദിവസം മോദി അക്ഷോഭ്യനായിട്ടാണ് ലോക്സഭയിൽ പ്രസംഗിച്ചത്, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സംസാരിക്കുമ്പോഴും അദ്ദേഹത്തിനോട് സ്‌നേഹം മാത്രമാണ് തനിക്ക് തോന്നിയതെന്നും അതിനാലാണ് ആലിംഗനം ചെയ്തതെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.
ചെന്നൈയിലെ പ്രശസ്തമായ സ്റ്റെല്ലാ മേരികോളേജിലെത്തിയ രാഹുലിനെ നിറഞ്ഞ കൈയ്യടികളോടെയാണ് വിദ്യാർത്ഥിനികൾ സ്വീകരിച്ചത്. ചോദ്യങ്ങൾക്കെല്ലാം സ്പഷ്ടമായ ഉത്തരമാണ് അദ്ദേഹം നൽകിയത്. സർ എന്ന് അഭിസംബോധന ചെയ്ത് ഒരു വിദ്യാർത്ഥിനി സംസാരിച്ചപ്പോൾ രാഹുൽ എന്ന് വിളിക്കൂ എന്ന് പറഞ്ഞ അദ്ദേഹം റോബർട്ട് വദ്രയുടെ അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സൗമ്യമായ ഭാഷയിലാണ് മറുപടി നൽകിയത്.