ടെഹ്റാൻ: പൊതു സ്ഥലത്ത് പരസ്യമായി വിവാഹാഭ്യർത്ഥന നടത്തിയ കമിതാക്കൾ അകത്തായി. ഇറാനിയൻ നഗരമായ അറാഖിയിലാണ് സംഭവം. രാജ്യത്തെ ആചാരങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചു എന്നതാണ് കുറ്റം. വിവാഹാഭ്യർത്ഥനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്. കമിതാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അറാഖിലെ മാളിൽ വച്ചാണ് യുവാവ് വിവാഹാഭ്യർത്ഥന നടത്തിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങിയത്. അഭ്യർത്ഥന സ്വീകരിച്ച യുവതി യുവാവിനെ പുണരുന്നതും യുവാവ് മോതിരം അണിയിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. വീഡിയോ പ്രചരിച്ചതോടെ യാഥാസ്ഥതികർ രംഗത്തെത്തി.
രണ്ടുപേർ പരസ്യമായി കെട്ടിപ്പിടിച്ചതിനാൽ രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ മുഴുവൻ തകർന്നടിഞ്ഞെന്നും ഇരുവരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇതിനെ തുടർന്നായിരുന്നു നടപടി. കമിതാക്കൾക്കെതിരായ നടപടി അനാവശ്യമാണെന്നുപറഞ്ഞ് നിരവധിപേർ രംഗത്തെത്തിയെങ്കിലും അധികൃതർ അതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല. ഒപ്പം അറസ്റ്റ് ന്യായീകരിക്കാൻ പത്രക്കുറിപ്പിറക്കുകയും ചെയ്തു.
''ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പൊതുവായി കാണുന്ന ഇത്തരം സംഭവങ്ങൾ ഇറാനിൽ രണ്ടു പേർ ചെയ്തത് അംഗീകരിക്കാനാവില്ല. രാജ്യത്ത് നിലവിലുള്ള ആചാരങ്ങൾക്ക് എതിരാണിത്. വീഡിയോയിൽ കാണുന്ന ഇരുവരും നിയമ ലംഘനം നടത്തിയെന്നത് വ്യക്തമാണ്. അതിനാൽ തന്നെ അവരുടെ അറസ്റ്റിൽ വിശദീകരണത്തിന്റെ ആവശ്യമില്ല''- പൊലീസ് പറയുന്നു.
📹 Man publicly proposes to woman at shopping mall in Arak, central #Iran
— Sobhan Hassanvand (@Hassanvand) March 8, 2019
Both arrested for "marriage proposal in contradiction to islamic rituals... based on decadent Western culture," then released on bail pic.twitter.com/eKdlNX9Bte