ചെന്നെെ: സർക്കാർ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിലും നിയമസഭകളിലും മാത്രമല്ല സ്ത്രീകൾക്കായുള്ള എല്ലാ തസ്‌തികകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ പറഞ്ഞു.
"ഇപ്പോൾ റാഫേൽ വിഷയത്തെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അനിൽ അംബാനിയെയും കുറിച്ച് മാത്രമാണ് എല്ലാവരും സംസാരിക്കുന്നത്. ഇതിൽ അന്വേഷണം നടത്തേണ്ടതാണ്. അല്ലെങ്കിൽ ഇവരെ ജനങ്ങൾത്തന്നെ ശിക്ഷിക്കു"മെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ റോബർട്ട് വാദ്രയെ കുറിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു. "എല്ലാവ്യക്തികളെ കുറിച്ചും അന്വേഷണം നടത്താൻ സർക്കാരിന് അവകാശമുണ്ട്. നിയമം എല്ലാവർക്കും ബാധകമാണെ"ന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങളെ നേരിടാനുള്ള നരേന്ദ്രമോദിയുടെ മടിയെയും രാഹുൽ വിമർശിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ നിൽക്കാൻ മടിയെന്ന് രാഹുൽ ചോദിച്ചു. ‘നിങ്ങളിൽ എത്രപേർക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചു? അതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് 3000 സ്ത്രീകൾക്കു മുമ്പിൽനിന്ന് അവരുടെ ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമില്ല?’ രാഹുൽ ചോദിച്ചു.