ഹാൾ പിന്നിട്ട് രാഹുൽ സിറ്റൗട്ടിലേക്കുള്ള വാതിൽ വലിച്ചു തുറന്നു.
പൊടുന്നനെ അവൻ ഞെട്ടി പിന്നിലേക്ക് മാറി.
മുന്നിൽ ഫണം വിരിച്ചുനിൽക്കുന്ന മൂർഖൻ കണക്കെ എസ്.പി അരുണാചലം!
''ഗുഡ് മോർണിംഗ് സാർ... ഉറക്കം സുഖമായിരുന്നോ?"
പരിഹാസത്തോടെയുള്ള ചോദ്യം രാഹുലിന് എന്തോ സംശയം തോന്നി. എങ്കിലും ഒന്നും പുറത്തു ഭാവിച്ചില്ല.
''എന്താടോ... അതിരാവിലെ വന്ന് കാലു പിടിച്ചാൽ, തന്റെ ട്രാൻസ്ഫർ ഞാൻ ക്യാൻസൽ ചെയ്യുമെന്നു കരുതിയോ?"
അതുകേട്ട് അരുണാചലം ചിരിച്ചു.
''ആര് ആരുടെയൊക്കെ കാലുപിടിക്കേണ്ടി വരുമെന്നത് കാലമാണു തീരുമാനിക്കുന്നത്. അല്ലാതെ നമ്മളല്ലല്ലോ സാർ?"
രാഹുൽ എന്തോ പറയുവാൻ ഭാവിക്കുകയായിരുന്നു. പെട്ടെന്ന് ജെ.സി.ബിയുടെ മുരൾച്ച കേട്ടു.
അരുണാചലത്തിന്റെ തോളിനു മുകളിലൂടെ രാഹുൽ നോക്കി.
മദമിളകിയ കൊമ്പനെപ്പോലെ മുറ്റത്തേക്കു വരുന്ന ജെ.സി.ബി!
ചുറ്റും ധാരാളം പോലീസുകാർ..
''എന്താടോ ഇതൊക്കെ? ഇവിടെ ഏതാണ്ട് നിധിയിരിക്കുന്നോ മാന്തിപ്പൊളിച്ചെടുക്കാൻ? "
അവൻ ശബ്ദമുയർത്തി.
''ഒരുപക്ഷേ ഉണ്ടെങ്കിലോ സാർ? ഒരുപാടുകാലം കേരള രാഷ്ട്രീയത്തിലിരുന്ന് കട്ടുമുടിച്ച ഒരാളുടെ വീടല്ലേ? നിധി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ?"
രാഹുലിന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു.
''കൊണ്ടുപൊയ്ക്കോണം ജെ.സി.ബിയും കുന്തോം കൊടച്ചക്രോം തന്റെ പോലീസുകാരെയുമൊക്കെ. ഇതിപ്പോൾ ചീഫ് മിനിസ്റ്ററുടെ വീടാണെന്ന് മറക്കണ്ടാ. ഈ മുറ്റത്ത് കാലു കുത്തണമെങ്കിൽ പോലും ഉണ്ട് ഒരുപാട് ഫോർമാലിറ്റീസ്."
അവൻ കൈ ചൂണ്ടി.
''അറിയാമേ..." അരുണാചലം വിനയം ഭാവിച്ചു.""'അതിനൊക്കെ വേണ്ട മരുന്നുമായാണേ അടിയൻ വന്നിരിക്കുന്നത്. "
എസ്.പി പോക്കറ്റിൽ നിന്ന് ഒരു ബ്രൗൺ കവർ വലിച്ചെടുത്തു. പിന്നെ അത് രാഹുലിനു നീട്ടി.
''സാറിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതിലുണ്ട്. വെറുതെ സംസാരിച്ച് സമയം പാഴാക്കണ്ടെന്നു കരുതി കൊണ്ടുവന്നതാണേ..."
റാഞ്ചിയെടുക്കും പോലെ രാഹുൽ ആ കവർ വാങ്ങി. തുടർന്ന് അതിനുള്ളിൽ നിന്ന് നാലായി മടക്കിവച്ചിരുന്ന ഒരു കടലാസ് എടുത്തു നിവർത്തി.
അവന്റെ കണ്ണുകളിൽ ഒരു നടുക്കം മിന്നി.
സെർച്ച് വാറണ്ട്!
ഈ വെളുപ്പാൻ കാലത്ത് മജിസ്ട്രേറ്റിന്റെ കയ്യിൽ നിന്ന് ഇത്തരം ഒരു വാറണ്ട് വാങ്ങിക്കൊണ്ട് അരുണാചലം എത്തണമെങ്കിൽ കാര്യം ഗൗരവമുള്ളതു തന്നെ. രാഹുൽ ഉറപ്പിച്ചു.
പക്ഷേ സംഗതി എന്താണെന്നു മാത്രം പിടികിട്ടുന്നില്ല.
''അപ്പോൾ ഞങ്ങൾക്ക് പണി തുടങ്ങാമല്ലോ... അല്ലേ സാറേ?""
അരുണാചലത്തിന്റെ ചോദ്യത്തിന് രാഹുൽ ഉത്തരം നൽകിയില്ല. മീഡിയക്കാർ ക്യാമറകളുമായി സിറ്റൗട്ടിലേക്കു കയറി വന്നു
''എന്താ സാറേ ഇതിന്റെയൊക്കെ അർത്ഥം? "അവരിൽ ഒരാൾ രാഹുലിനോടു തിരക്കി.
''നിങ്ങളെ ഇവിടേക്കു ക്ഷണിച്ചുകൊണ്ടുവന്നത് ഇയാളല്ലേ? ഇയാളോടുതന്നെ ചോദിക്ക്.""
പറഞ്ഞതും രാഹുൽ വെട്ടിത്തിരിഞ്ഞു. ഭയങ്കര ഒച്ചയിൽ ഡോർ അടഞ്ഞു.
ആ സമയം പത്തനംതിട്ട ടി.ബിയിൽ മുൻ മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററുടെ ഫോൺ നിർത്താതെ ശബ്ദിച്ചു.
ഉറക്കം ഞെട്ടിയ മാസ്റ്റർ അസ്വസ്ഥതയോടെ ഫോൺ എടുത്തു.
''ഹലോ....""
''ഉറക്കത്തിൽ ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം സാർ... ഞാൻ കൽക്കിയുടെ ഭാര്യ..... താങ്കൾക്ക് വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം ഞാൻ ചെയ്തുകഴിഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രി രാഹുലിന്റെ വീട്ടിലേക്കു ചെന്നാൽ അത് നേരിൽ കാണാം. സാറിന്റെ ശത്രുവിന്റെ പതനം.""
''ങ്ഹേ?" മാസ്റ്റർ ചാടിയെഴുന്നേറ്റ് ഇരുന്നു. ''പറയൂ. വിഷയം എന്താണ്?""
''പറഞ്ഞുകേൾക്കുന്നതിനേക്കാൾ നല്ലത് കണ്ടറിയുന്നതാണു സാർ. വേഗം ചെല്ല്... സാറ് വീണ്ടും മുഖ്യമന്ത്രിയാകുവാൻ അധികസമയം വേണ്ടിവരില്ല....""
ആ സ്ത്രീ ശബ്ദം മുറിഞ്ഞു. ഒപ്പം കാളും...
''ഹലോ... ഹലോ.... " "മാസ്റ്റർ ഫോണിലേക്കു തുറിച്ചുനോക്കി.
***
രാഹുലിന്റെ വീട്.
ജീപ്പിൽ നിന്ന് വിക്രമനെയും സാദിഖിനെയും വിലങ്ങുവച്ച നിലയിൽ പോലീസ് പുറത്തിറക്കി.
''നടക്കെടാ."
എസ്.ഐ കൽപ്പിച്ചു.
വിക്രമനു നടക്കാൻ ബുദ്ധിമുട്ടായിരുന്നു.
എസ്.പിയുടെ നേതൃത്വത്തിൽ അവരെ വീടിനു പിന്നിലേക്കു കൊണ്ടുപോയി. തൊട്ടുപിറകെ ജെ.സി.ബിയും.
രണ്ടാം നിലയിലെ ജനാലക്കർട്ടനു പിന്നിൽ നിന്ന് ഇതു കാണുന്നുണ്ടായിരുന്നു രാഹുൽ.
അവന്റെ തലച്ചോറിനുള്ളിൽ വെള്ളിടി പോലെ ഒരു സ്ഫോടനം നടന്നു...
[തുടരും]