കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്ന് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ബാബുവിന്റെ വിടുതൽ ഹർജി തള്ളികൊണ്ട് ഉത്തരവിട്ടത്. പ്രഥദൃഷ്ട്യാ 43% അധിക സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തൽ നിരാകരിക്കാനാകില്ലെന്ന് കോടതി കണ്ടെത്തി. എം.എൽ.എ എന്ന നിലയ്‌ക്ക് തനിക്ക് കിട്ടിയ ആനൂകൂല്യങ്ങൾ വിജിലൻസ് പരിഗണിച്ചില്ല, ഇതാണ് അധിക സ്വത്തെന്ന ബാബുവിന്റെ വാദം കോടതി അംഗീകരിച്ചില്ല.
2001 മുതൽ 2018 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28,82000 രൂപ സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ ആരോപണം. ഇതാണിപ്പോൾ വിചാരണയിലേക്ക് എത്തുന്ന ഘട്ടത്തിലെത്തിയത്. ഏപ്രിൽ 29ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് കുറ്റപത്രം വായിച്ചതിനു ശേഷമായിരിക്കും കോടതി വിചാരണയിലേക്ക് കടക്കുക.
തനിക്ക് അധിക സ്വത്തില്ലെന്ന് ബാബു വാദിച്ചെങ്കിലും വിചാരണയിലൂടെ ഇത് തെളിയിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.