സിറ്റി ഒഫ് ഗോഡ്, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്കു ശേഷം പൃഥ്വിരാജ്- ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വീണ്ടുമൊരു സിനിമയൊരുക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആന്റി ക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ.മ.യൗവിന്റെ തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുക.
അഭിനന്ദൻ രാമാനുജം കാമറ കൈകാര്യം ചെയ്യുന്നു. എസ്.ജെ.എം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സിബി തോട്ടപ്പുറം, ജോബി മുണ്ടമറ്റം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്.എഡിറ്റിംഗ് മനോജും രംഗനാഥ് സൗണ്ട് ഡിസൈനിംഗും ഒരുക്കുന്നു. നിലവിൽ വിനായകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജെല്ലിക്കെട്ട് ഒരുക്കുകയാണ് ലിജോ. അതിനു ശേഷമായിരിക്കും ആന്റിക്രൈസ്റ്റിന്റെ ജോലികളിൽ പ്രവേശിക്കുക.