rahul

ചെന്നൈ: സർ എന്ന് വിളിക്കുന്നതിനു പകരം എന്നെ രാഹുൽ എന്ന് വിളിക്കാമോ? അതെന്നെ കൂടുതൽ സന്തോഷവാനാക്കുന്നു. ചെന്നൈയിലെ സ്റ്രെല്ല മാരിസ് വിമെൻസ് കോളേജിലെത്തിയെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കോളേജിലെ പെൺകുട്ടികൾക്കിടയിൽ താരമായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 11-നാണ് ചെന്നൈയിലെ സ്റ്റെല്ലാ മാരിസ് കോളേജിലെത്തിയത്.

തന്നെ സർ എന്ന് വിളിച്ച വിദ്യാർത്ഥിനിയോട് രാഹുൽ വിളിക്കാൻ ആവശ്യപ്പെട്ടതോടെ വേദി കരഘോഷത്തിലാണ്ടു. സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാരിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. നോട്ട് നിരോധനത്തെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാർത്ഥികളോട് ചോദിച്ച രാഹുലിന് ഇല്ല എന്ന ഒന്നിച്ചുള്ള മറുപടിയായിരുന്നു സദസിൽ നിന്നുയർന്നത്. ഡി.എം.കെ നേതാവ് സ്റ്റാലിൻ അടക്കമുള്ള സഖ്യകക്ഷി നേതാക്കൾക്കൊപ്പം ടി ഷർട്ടും ജീൻസുമണിഞ്ഞാണ് രാഹുൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

മോദിക്കെതിരെയും അന്വേഷണം വേണം

സഹോദരീ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്രയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ''നിയമം എല്ലാവർക്കും ഒരുപോലെയാണ്. അത് പ്രത്യേകം ചിലർക്കുവേണ്ടി മാത്രം ഉപയോഗിക്കരുത്. വാധ്രയ്ക്കെതിരെ അന്വേഷണം നടത്തൂ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അന്വേഷണം നടത്തൂ" എന്നും രാഹുൽ പറഞ്ഞു.

രാജ്യത്ത് ഭയമില്ലാതെ സന്തോഷത്തോടെ ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അധികാരത്തിലെത്തിയാൽ വനിതാ സംവരണബിൽ കോൺഗ്രസ് പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി ഇഷ്ടം

ശരിക്കും തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു സ്നേഹമാണെന്നും പാർലമെന്റിൽ വച്ച് മോദിയെ കെട്ടിപ്പിടിച്ച നടപടി ആത്മാർത്ഥ സ്‌നേഹത്തോടെയായിരുന്നെന്നും സംവാദത്തിനിടെ രാഹുൽ പറഞ്ഞു. എന്നാൽ തുറന്നവേദിയിൽ ഇത്രയും വലിയ ജനാവലിക്കു മുന്നിൽ നിന്ന് മോദി ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നും രാഹുൽ വിദ്യാർത്ഥികളോട് ചോദിച്ചു.